മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോവാം, കോണ്‍ഗ്രസിന്‍റെ ചെലവില്‍ വേണ്ടെന്ന് മുരളീധരന്‍

By Web TeamFirst Published Aug 26, 2019, 10:22 AM IST
Highlights

മോദി അനുകൂല പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് കെ മുരളിധരൻ. 

തിരുവനന്തപുരം: മോദി അനുകൂല പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് കെ മുരളിധരൻ. ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് കഴിയില്ല. മോദിയെ സ്തുതിക്കേണ്ടവർക്ക് ബിജെപിയിൽ പോയി സ്തുതിക്കാം. കോൺഗ്രസിന്‍റെ ചെലവില്‍ അതുവേണ്ടെന്നും  മുരളീധരന്‍. 

കോൺഗ്രസ് ആരുടേയും കുടുംബ സ്വത്തല്ല. പാർട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവർക്ക് പുറത്ത് പോകാം .താൻ കുറച്ച് കാലം പാർട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസിൽ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോൾ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍റെ പരിഹാസം. 

പാർട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ല .ഇവർക്കെതിരെ നടപടി വേണം. പാർട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവർക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദി സ്തുതിയെങ്കിൽ കോടതിയിൽ നേരിടണമെന്നും മുരളീധരന്‍. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാത്ത വിലക്കാണ് കശ്മീരിൽ രാഹുൽ നേരിട്ടത്. കശ്മീർ ചർച്ച പോലും കേന്ദ്ര സർക്കാർ നടത്തുന്നില്ല. 

ഹീനമായി ജനാധിപത്യത്തെ പ്രധാനമന്ത്രി കശാപ്പ് ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ നിരത്തിയല്ല മോദി അധികാരത്തിലെത്തിയത് .എല്ലാ വ്യവസ്ഥകളിലും കയ്യിട്ട് വാരി രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു. ഒളിച്ചോടുന്നില്ലെന്ന് വ്യക്തമാക്കിയ ചിദംബരത്തെ മതിൽ ചാടിക്കടന്ന് അറസ്റ്റ് ചെയ്തു.മോദി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 യുഡിഎഫ് എംപിമാരും വോട്ട് വാങ്ങിയതെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിൽ 6 സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ഉണ്ടായിട്ടും  പാലയിൽ മാത്രം തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇത് മറ്റ് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കും. അതിനാൽ എല്ലാ മണ്ഡലങ്ങളിലും സെപ്തംബർ 23 ന് തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുമെന്നും മുരളീധരന്‍ പറഞ്ഞു.

click me!