
തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് (Cherian Philip ) കോണ്‍ഗ്രസിലേക്ക് ( congress ) വരികയാണെങ്കിൽ സന്തോഷമെന്ന് കെ മുരളീധരൻ എംപി (K Muraleedharan). തനിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ട്. തന്‍റെ പിതാവുമായും ചെറിയാൻ ഫിലിപ്പിന് നല്ല ബന്ധമായിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നെതർലാണ്ട്സ് മാതൃകയെ കുറിച്ച് അവിടെപ്പോയി പഠിച്ചശേഷമുള്ള തുടർനടപടി ആർക്കും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള ചെറിയാന്‍ ഫിലിപ്പിന്‍റെ വിമർശനം. ചെറിയാന്‍റെ ഇപ്പോഴത്തെ നിലപാടിന്‍റെ കാരണം അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ ഉടക്കിനിൽക്കുന്ന ചെറിയാനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്ന ഇടത് നേതാക്കൾ മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ കടുത്ത അതൃപ്തരാണ്.
കോൺഗ്രസിലേക്ക് ചെറിയാൻ മടങ്ങുന്നുവെന്ന അഭ്യുഹങ്ങൾ ഉയരുന്നുണ്ടെങ്കിലും ചെറിയാൻ ഫിലിപ്പ് ഒന്നും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ഇടതിനോട് ഇടയുന്ന ചെറിയാൻ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ് ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് രാഷ്ട്രീയ നിലപാട് സൂചിപ്പിക്കുമോ എനനാണ് ആകാംഷ.
ഇടത് മുന്നണിയുമായുള്ള ഭിന്നതയുടെ ആഴം കൂടുന്നതിനിടെ സ്വന്തം യൂട്യൂബ് ചാനൽ ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചു. പഴയ ചാനൽ പരിപാടിയുടെ അതേ പേരിലാണ് യൂട്യൂബ് ചാനലും. ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രമായിരിക്കുമെന്നും രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam