
തിരുവനന്തപുരം : കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കുള്ള അതൃപ്തി പരസ്യമാകുന്നു. കെപിസിസി നടത്തുന്ന ശബരിമല വിശ്വസ സംരക്ഷണ ജാഥയുടെ സമാപനത്തിന് ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ പങ്കെടുക്കില്ല. കാസര്‍കോട് നിന്ന് ജാഥ നയിച്ച് ചെങ്ങന്നൂര്‍ വരെ എത്തിയ കെ. മുരളീധരന്‍ തുടര്‍ന്നുള്ള യുഡിഎഫ് പദയാത്രയിലും പന്തളത്തെ സംഗമത്തിലും പങ്കെടുക്കില്ല. ചെങ്ങന്നൂരിൽ നിന്ന് ഗുരുവായൂരിലേയ്ക്ക് പോയ മുരളി ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. താൻ നിര്‍ദ്ദേശിച്ച കെഎം ഹാരിസിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതും തൃശ്ശൂര്‍ തോല്‍വിക്ക് കാരണക്കാരനെന്ന് അദ്ദേഹം കരുതുന്ന ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതും മര്യാപുരം ശ്രീകുമാറിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതുമാണ് മുരളിയുടെ പ്രതിഷേധത്തിന് കാരണം.
ശബരിമലയിൽ സ്വര്‍ണം കാണാതായതിൽ ഇടതു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാൻ കെപിസിസി നടത്തിയ മേഖലാ ജാഥുകളുടെ സമാപന സംഗമത്തിൽ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് ജാഥ ക്യാപ്റ്റൻ. നാല് ജാഥാ ക്യാപ്റ്റൻമാരിൽ ഒരാളായ കെ മുരളീധരൻ സമാപനത്തിൽ പങ്കെടുക്കാതിരിക്കുന്നത് കോൺഗ്രസിനുണ്ടാക്കുക വലിയ ക്ഷീണമാകും. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കൾ അനുനയ നീക്കം നേതാക്കൾ തുടരുകയാണ്.
മുരളിയുടെ കടുത്ത നിലപാട് മനസ്സിലാക്കി ഇന്നലെ മുതൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഹാരിസിനെ കെപിസിസി സെക്രട്ടറിയും ന്യൂനപക്ഷ സെല്ലിന്‍റെ ചെയര്‍മാനും ആക്കും മര്യാപുരത്തെ നിര്‍വാഹക സമിതിയിൽ ഉള്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകള്‍ നേതൃത്വം നൽകിയിരുന്നു. എന്നാൽ മുരളി വഴങ്ങിയിട്ടില്ല.
അതേ സമയം, കെപിസിസി പുനസംഘടനയിൽ പരിഹാസവുമായി കെ സുധാകരനും രംഗത്തെത്തി. പുനസംഘടനയിൽ തൃപ്തനാണെന്നും ഇത്രയും തൃപ്തി മുൻപ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു സുധാകരന്റെ പരിഹാസം. വിഷയത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.