കൊവിഡ്: മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എംഎൽഎമാർക്കൊപ്പം പങ്കെടുക്കില്ലെന്ന് കെ മുരളീധരൻ എംപി

By Web TeamFirst Published May 23, 2020, 11:10 AM IST
Highlights

മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കോഴിക്കോട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ കെ മുരളീധരൻ എംപി പങ്കെടുക്കില്ല. ലോക്ക്ഡൗൺ തീരാൻ അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് എംപിമാരെ ഓർമ്മ വന്നത്. ഇപ്പോഴാണ് ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. യുഡിഎഫ് യോഗം ബഹിഷ്കരിക്കില്ല. എന്നാൽ താൻ ഈ യോഗത്തിന് പോകില്ല. എംപിമാർ മാത്രമായി യോഗം വിളിക്കണം. ഇപ്പോൾ വിളിച്ചത് എംഎൽഎമാർക്ക് ഒപ്പമുള്ള യോഗം. ഇതിൽ പങ്കെടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

മാഹി സ്വദേശിയുടെ മരണം കേരളത്തിന്റെ കൊവിഡ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നും എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരു മാസത്തേക്ക് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിതരണത്തിനുള്ള ആപ്പ് സർക്കാരിന് തന്നെ ആപ്പായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാഹി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചത് കേരളത്തിലെ കണ്ണർ ജില്ലയിലാണ്. മരണം മാഹിയിലെന്നാണ് മുഖ്യമന്ത്രി പിണറായി പറയുന്നത്. മരണത്തിന്റെ എണ്ണത്തിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കരുത്. ഈ മരണം കേന്ദ്രം കേരളത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പറയുന്നത് പോലെ മരണത്തിന്റെ എണ്ണം കുറച്ച് കാണിക്കരുത്. മരിച്ച മയ്യഴി  സ്വദേശി മെഹ്റൂഫിന്റെ കുടുംബത്തോട് ചെയ്യുന്ന ക്രൂരതയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തു.

സംസ്ഥാനത്ത് ക്വാറൻറീനിൽ കഴിയുന്നവർക്ക് പരിശോധന നടത്തുന്നതിൽ വീഴ്ച പാടില്ലെന്ന് വടകര എംപി പറഞ്ഞു. വിദേശത്തു നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നു. രാഷ്ടീയ സ്വാധീനം ഉപയോഗിച്ചുള്ളവർക്ക് പരിഗണന നൽകുകയാണ്. ഗർഭിണികൾക്കും അവശർക്കും പരിഗണനയില്ല.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളും നിൽക്കുന്ന പ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളാകാൻ സാധ്യതയുണ്ട്. ഈ കേന്ദ്രങ്ങളിലെ പരീക്ഷ പെട്ടെന്ന് മാറ്റിവെക്കാൻ ഇട വന്നാൽ കുട്ടികൾക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകും. എസ്എസ്എൽസി - പ്ലസ് ടു പരീക്ഷ ഒരു മാസം കൂടി കാത്തിരുന്ന ശേഷം നടത്തണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

കൊവിഡ് ദുരിതത്തിന്റെ പേരിൽ പലയിടത്തും തോന്നിയ പോലെ വൈദ്യുതി ബിൽ വന്നു. ഇത് ശരിയല്ല. ബില്ലടക്കാൻ മൂന്ന് മാസമെങ്കിലും സാവകാശം നൽകണം. സ്പ്രിംക്ലർ കമ്പനിയുടെ പേരും മുദ്രയും ഉപയോഗിക്കരുതെന്ന കോടതി നിർദ്ദേശം വന്നതോടെ തന്നെ അവർക്ക് താത്പര്യം ഇല്ലാതായി. സ്പ്രിംക്ലർ ഇടപാടിൽ സമഗ്ര അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. സിബിഐയെ കൊണ്ട് ഇത് അന്വേഷിപ്പിക്കും. തുരന്വേഷണവും ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!