
തിരുവനന്തപുരം: ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെ മുൻമന്ത്രിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ കെ പി രാജേന്ദ്രൻ. കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശമ്പളം കിട്ടുമ്പോള്‍ തരാമെന്ന നിലപാട് ധാർഷ്ട്യമാണ്. ജോലി ചെയ്തതിന്‍റെ കൂലിയാണ് തൊഴിലാളികൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി നടത്തിയ പട്ടിണി ജാഥയെ അഭിസംബോധന ചെയ്യുകയായിരുന്നു കെ പി രാജേന്ദ്രൻ. കവടിയാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ച് മൻമോഹൻ ബംഗ്ലാവിന് മുന്നിൽ പൊലീസ് തടഞ്ഞു.
കെഎസ്ആർടിസിയില്‍ മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല. ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം നല്‍കി. അതോടെ ജീവനക്കാരുടെ പ്രതിഷേധം അവസാനിക്കുമെന്ന സർക്കാരിന്‍റെ കണക്കുകൂട്ടൽ തെറ്റി.
മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ ഭരണാനുകൂല സംഘടനയടക്കം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്ത് ദിവസങ്ങൾക്ക് ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്ന് പറയാൻ പോലും സർക്കാരിനാവുന്നില്ല. സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളതെന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. ഏത് തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണ് ശമ്പള പ്രതിസന്ധിയെന്ന് കെഎസ്ടി എംപ്ളോയീസ് സംഘ് കുറ്റപ്പെടുത്തി.
കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വൈകിട്ട് ആറരയ്ക്ക് മന്ത്രിയുടെ ചേമ്പറിലാണ് യോഗം..മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്‍റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി മുന്നോട്ടുവെക്കും. സർക്കാരിന് മുന്നിൽ വയ്ക്കാനുള്ള നിർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്‍റഅ പ്രതിനിധികൾ പങ്കുവെക്കും. എന്നാൽ ശമ്പള വിതരണത്തിലെ പാളിച്ചകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും.