സിൽവർ ലൈൻ സംവാദം: പിന്മാറിയവർക്ക് പകരക്കാരില്ല; സംവാദവുമായി മുന്നോട്ട് പോകാൻ കെ റെയിൽ തീരുമാനം

By Web TeamFirst Published Apr 26, 2022, 6:14 PM IST
Highlights

സംസ്ഥാനത്തിൻറെ ബഹുമുഖ വികസന കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമെന്നാണ് ക്ഷണക്കത്തിലെ വാചകം

തിരുവനന്തപുരം: ഏപ്രിൽ 28 ന് നടക്കേണ്ട സിൽവർ ലൈൻ സംവാദത്തിൽ നിന്നും അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയിട്ടും പകരക്കാരെ വെക്കാതെ സംവാദവുമായി മുന്നോട്ട് പോകാൻ കെ റെയിൽ നീക്കം. സർക്കാറിന് പകരം കെ റെയിൽ ക്ഷണിച്ചതും പദ്ധതിയുടെ ആവശ്യകതക്ക് വേണ്ടിയുള്ള സംവാദമെന്ന ക്ഷണക്കത്തിലെ ഭാഷയിലും പ്രതിഷേധിച്ചാണ് ഇരുവരുടേയും പിന്മാറ്റം. ഇതോടെ സംവാദത്തിൽ എതിർക്കുന്നവരുടെ പാനലിൽ ആർവിജി മേനോൻ മാത്രമായിരിക്കും. ഇദ്ദേഹത്തിന് കൂടുതൽ സമയം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇനി പുതിയ അതിഥികളെ ചർച്ചയിലേക്ക് ക്ഷണിക്കാൻ സമയം കുറവായതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

സിൽവർ ലൈനിൽ സംവാദത്തിന് മുൻപെ തന്നെ വിവാദങ്ങൾ മുറുകുകയാണ്. കാരണമൊന്നും പറയാതെ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് അലോക് വർമ്മയുടേയും ശ്രീധറിന്റെയും പിന്മാറ്റം. എതിർശബ്ദങ്ങളും കേൾക്കുന്നുവെന്ന തോന്നലുണ്ടാക്കി അവസാന നിമിഷം സർക്കാർ ഏകപക്ഷീയമായി അജണ്ട നടപ്പാക്കുന്നുവെന്നാണ് വർമ്മയുടേയും ശ്രീധറിന്റെയും വിമർശനം. സംവാദത്തിന് ചീഫ് സെക്രട്ടറിയാണ് മുൻകൈയ്യെടുത്തത്. എങ്കിലും ഔദ്യോഗികമായി ക്ഷണക്കത്ത് കെ റെയിൽ അയച്ചതാണ് ഇരുവരെയും ചൊടിപ്പിച്ചത്. 

സംസ്ഥാനത്തിൻറെ ബഹുമുഖ വികസന കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന പദ്ധതിയെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമെന്നാണ് ക്ഷണക്കത്തിലെ വാചകം. ഇത് തന്നെ സംവാദത്തിൻറെ ഉദ്ദേശ ലക്ഷ്യത്തെ ചൊദ്യം ചെയ്യുന്നതാണെന്നാണ് ഇരുവരും വിമർശിക്കുന്നത്. ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധികളോ പുതിയ കത്ത് ഉച്ചക്ക് മുമ്പ് അയച്ചില്ലെങ്കിൽ പിന്മാറുമെന്ന് കാണിച്ചാണ് അലോക് വർമ്മ രാവിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. വൈകുന്നേരമായിട്ടും സർക്കാർ അലോക് വർമ്മയ്ക്ക് മറുപടി നൽകിയില്ല. ഇതോടെയാണ് പിന്മാറ്റം.

അലോക് വർമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സർക്കാറിനെ വിമർശിച്ചാണ് ശ്രീധറും സംവാദത്തിൽ നിന്ന് പിന്മാറിയത്. വർമ്മയുടേയും ശ്രീധറിൻറെയും പിന്മാറ്റം നിരാശാജനകമെന്നാണ് പദ്ധതിയെ എതിർക്കുന്ന മൂന്നംഗ പാനലിൽ അവശേഷിക്കുന്ന ആർവിജി മേനോൻറെ നിലപാട്. സംവാദമുണ്ടെങ്കിൽ പങ്കെടുത്ത് എതിർപ്പ് അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സംവാദത്തിൻറെ പൂർണ്ണ ഉത്തരവാദിത്വം കെ റെയിലിനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ സിപിഎം സംസ്ഥാന സെക്രട്ടറി ആരാണ് ജോസഫ് സി മാത്യുവെന്നും ചോദിച്ചു. എന്നാൽ ജോസഫിനെ സർക്കാറിന് പേടിയാണെന്നും ചീഫ് സെക്രട്ടറിക്കും മേലെ കെ റെയിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പറഞ്ഞ് സംവാദ വിവാദവും പ്രതിപക്ഷം ആയുധമാക്കുന്നു.

click me!