
തിരുവനന്തപുരം: അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഭൂമി ഏറ്റെടുക്കലിന് സ്വകാര്യ ഏജന്‍സിയെ നിയോഗിക്കാനുള്ള നീക്കം അഴിമതിക്കു വഴിവക്കുമെന്നാരോപിച്ച് ഭരണാനുകൂല സംഘടനായ ജോയിന്‍റ് കൗണ്‍സില്‍ രംഗത്തെത്തി.എന്നാല്‍ ആക്ഷേപങ്ങല്‍ക്ക് അടിസ്ഥാനമില്ലെന്ന് കെ റെയില്‍ വിശദീകരിച്ചു.
തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് നാലു മണിക്കൂറില്‍ എത്താനുള്ള ,സ്വപ്ന പദ്ധതിയായ കെ-റെയിലിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ തന്നെ കല്ലുകടിയുണ്ടായിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങളിലെ കാലതമാസം ഒഴിവാക്കാന്‍, സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാമെന്ന ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിന്‍റെ നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. അതീവ പ്രാധാന്യമുള്ള ഭൂരേഖകള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യ ഏജന്‍സികളേയും കരാർ ജീവനക്കാരേയും നിയോഗിക്കുന്നതിനെ റവന്യൂമന്ത്രി എതിര്‍ത്തു. ക്രമക്കേടുകള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബലിയാടാകുന്ന സാഹചര്യമുണ്ടാകുമെന്നാരോപിച്ച് സിപിഐ അനുകൂല സര്‍വ്വീസ് സംഘടനയും രംഗത്തെത്തി.
അതേ സമയം കളക്ടറും തഹസില്‍ദാരും ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനം തന്നെയായിരിക്കും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ വിശദികരിച്ചു. 11 ജില്ലകളിലായി 150 ഓളം പേര്‍ ഇവരെ സഹായിക്കാന്‍ വേണ്ടിവരും. പരമാവധി രണ്ടുവര്‍ഷത്തേക്കുള്ള ഈ നടപടിക്ക് സ്ഥിരം ജീവനക്കാരെ നിയോഗിക്കുക പ്രായോഗകമല്ലെന്നും കെ-റെയില്‍ വ്യക്തമാക്കി.റവന്യൂമന്ത്രിയും ഭരണാനുകൂല സര്‍വ്വീസ് സംഘടനയും എതിര്‍പ്പുമായി രംഗത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇനി നിര്‍ണ്ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam