കെ റെയിൽ ഉമ്മൻ ചാണ്ടി കാലത്തെ പദ്ധതി, കലാപത്തിന് ബിജെപി ശ്രമം; സ്വത്ത് വിവാദത്തിലും തിരിച്ചടിച്ച് സജി ചെറിയാൻ

Published : Mar 26, 2022, 07:08 PM ISTUpdated : Mar 26, 2022, 07:10 PM IST
കെ റെയിൽ ഉമ്മൻ ചാണ്ടി കാലത്തെ പദ്ധതി, കലാപത്തിന് ബിജെപി ശ്രമം; സ്വത്ത് വിവാദത്തിലും തിരിച്ചടിച്ച് സജി ചെറിയാൻ

Synopsis

നാട്ടിൽ എന്തെങ്കിലും നല്ല കാര്യം വരുമ്പോൾ കുറെ കിളികൾ ഇറങ്ങുമെന്ന് അദ്ദേഹം പരിഹസിച്ചു. വയൽ കിളികളുടെ സമരം എന്തായി? കെ റെയിൽ പദ്ധതി എൽഡിഎഫ് കൊണ്ടുവന്ന പദ്ധതിയല്ല

ചെങ്ങന്നൂർ: കെ റെയിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെന്ന് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂർ കൊഴുവള്ളൂരിൽ കെ റെയിൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ വീടിന്റെ മുകളിലൂടെ റെയിൽ വന്നാലും സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാണെന്നും, കേന്ദ്ര അനുമതിയോടെ നടപ്പാക്കുന്ന പദ്ധതിക്കെതിരെ സമരം നടത്തി കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപയുടെ പോലും അഴിമതി നടത്തിയിട്ടില്ല. സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിൽ നിന്നാണ് വരുന്നത്. ഉയർന്ന യോഗ്യതകളുള്ള ഭാര്യക്ക് ഒരു ജോലിക്ക് പോലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാട്ടിൽ എന്തെങ്കിലും നല്ല കാര്യം വരുമ്പോൾ കുറെ കിളികൾ ഇറങ്ങുമെന്ന് അദ്ദേഹം പരിഹസിച്ചു. വയൽ കിളികളുടെ സമരം എന്തായി? കെ റെയിൽ പദ്ധതി എൽഡിഎഫ് കൊണ്ടുവന്ന പദ്ധതിയല്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണിത്. അന്ന് സർവകക്ഷി യോഗത്തിൽ എല്ലാവരും പദ്ധതിയെ അനുകൂലിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ നടപ്പിലാക്കുന്ന പദ്ധതിക്കെതിരെയാണ് ബിജെപി കേരള ഘടകം. പദ്ധതിക്കെതിരെ സമരം നടത്തി കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭ ഹാളിൽ പദ്ധതിയെ കുറിച്ച് നടത്തിയ വിശദീകരണം കേട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചവരാണ് കോൺഗ്രസ്‌ എം എൽ എമാർ എന്നും അദ്ദേഹം പറഞ്ഞു.

അന്ന് ബിജെപി എം എൽ എ ആയിരുന്ന ഒ രാജഗോപാൽ അടക്കമുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചിരുന്നുവെന്നും സജി ചെറിയാൻ വെളിപ്പെടുത്തി. തന്റെ സ്വന്തം വീടിന്റെ മുകളിലൂടെ കെ റെയിൽ വന്നാലും സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. ഭൂമി ഏറ്റെടുക്കാനല്ല കല്ലിടുന്നതെന്നും അത് സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ പദ്ധതികൾ വരുമ്പോൾ നാട്ടുകാരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനാണ് പുനരാധിവസ പാക്കേജ് കൊണ്ടുവരുന്നത്. ഭൂമിവിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നത്. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണിത്. നഷ്ട പരിഹാര തുക ബാങ്കിൽ വന്നതിനു ശേഷം ഭൂമി കൈമാറിയാൽ മതി. 

ആളുകളുടെ വൈകാരിക പ്രശ്നത്തെ യുഡിഎഫും ബിജെപിയും മുതലെടുക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളുടെ സഹായത്തോടെ വ്യാജപ്രചാരണം നടത്തി. എന്നിട്ടും എൽഡിഎഫ് അധികാരത്തിൽ വന്നു. ഇപ്പോൾ പാവപ്പെട്ട ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഇളക്കി വിടുകയാണ്. 

പൊലീസ് വളരെ മാന്യമായാണ് സമരത്തെ നേരിടുന്നത്. എസ് യു സി ഐക്കാർ ആണ് കള്ളത്തരം പ്രചരിപ്പിക്കുകയാണ്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ സമരത്തിന് നേതൃത്വം നൽകുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ കോൺഗ്രസും ബിജെപിയും അല്ല. എസ് യു സി ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നും സജി ചെറിയാൻ ആവർത്തിച്ചു.

രാഷ്ട്രീയ പ്രവർത്തനം കൊണ്ട് താൻ ഒന്നും നേടിയിട്ടില്ല. ഉയർന്ന യോഗ്യതകളുള്ള ഭാര്യക്ക് ഒരു ജോലി പോലും അനർഹമായി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ടില്ല. പിതാവ് തന്ന സ്ഥലത്ത് 18 ലക്ഷം രൂപ ലോണെടുത്താണ് വീട് വെച്ചത്. ആ വീടാണ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൊടുക്കുന്നത്. സാമ്പത്തിക മോഹം ഉണ്ടായിരുന്നെങ്കിൽ ആ വീട് മക്കൾക്ക് കൊടുക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകൾക്ക് സഹായം കൊടുക്കുന്ന സംഘടനയാണ് കരുണ പാലിയേറ്റിവ്. ആ സംഘടനയെയാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. സാമ്പത്തികമായി വലിയ അടിത്തറയുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. ഒരു രൂപയുടെ പോലും അഴിമതി നടത്താതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുണ പ്രവർത്തകർ വീട്ടിലെത്തി സേവനം നടത്തുന്നവരാണ്. എന്നിട്ടും ചില വ്യാജ പ്രചാരണങ്ങൾ കേട്ട് ചിലർ എതിർക്കുന്നു. നാട്ടുകാർക്ക് നന്ദി വേണം. തന്റെ രാഷ്ട്രീയമായുള്ള വളർച്ചയിൽ നാട്ടിലെ കുറേ ആളുകൾക്ക് അസൂയയാണ്. ആവശ്യങ്ങളുമായി എത്തുന്നവരുടെ കൈയ്യിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം. സിപിഎം അനുഭാവികൾ പോലും കള്ള പ്രചാരണങ്ങളിൽ വീഴുന്നുവെന്ന പരിഭവവും അദ്ദേഹം പങ്കുവെച്ചു.
 

PREV
Read more Articles on
click me!

Recommended Stories

വയനാ‌ട് ദുരന്തബാധിതർക്കുള്ള കോൺ​ഗ്രസ് വീ‌ട്: സ്ഥലത്തിന്റെ രജിസ്ട്രേഷൻ ഈ മാസം ന‌ടത്തും; അഡ്വാൻസ് കൈമാറിയെന്ന് സിദ്ദിഖ് എംഎൽഎ
ആദ്യം ബൈക്കിലിടിച്ചു, പിന്നെ 2 കാറുകളിലും, ഒടുവിൽ ട്രാൻസ്ഫോർമറിലിടിച്ച് നിന്നു, കോട്ടക്കലിൽ ലോറി നിയന്ത്രണം വിട്ട് അപകടം