സില്‍വര്‍ലൈന്‍ കല്ലിടല്‍ ആരുടെ നിര്‍ദ്ദേശപ്രകാരം? അവ്യക്തത, റവന്യൂവകുപ്പെന്ന വാര്‍ത്ത നിഷേധിച്ച് കെ റെയില്‍

Published : Mar 26, 2022, 11:24 AM ISTUpdated : Mar 26, 2022, 01:16 PM IST
സില്‍വര്‍ലൈന്‍ കല്ലിടല്‍ ആരുടെ  നിര്‍ദ്ദേശപ്രകാരം? അവ്യക്തത, റവന്യൂവകുപ്പെന്ന വാര്‍ത്ത നിഷേധിച്ച് കെ റെയില്‍

Synopsis

കല്ലിടാന്‍ റവന്യൂ വകുപ്പ് കെ റെയിലിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും  ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ പറയരുതെന്നുമുള്ള മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കെ റെയിലിന്‍റെ വിശദീകരണം.

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ (Silver Line) അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് റവന്യൂ വകുപ്പെന്ന വാര്‍ത്ത നിഷേധിച്ച് കെ റെയില്‍ (K Rail). ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ റെയിലിന്‍റെ പ്രതികരണം. എന്നാല്‍ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത് ആരെന്ന് പോസ്റ്റില്‍ കെ റെയില്‍ വ്യക്തമാക്കിയിട്ടില്ല. കല്ലിടാന്‍ റവന്യൂ വകുപ്പ് കെ റെയിലിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഉത്തരവാദിത്തമില്ലാതെ കാര്യങ്ങള്‍ പറയരുതെന്നുമുള്ള  മന്ത്രി കെ രാജന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് റവന്യൂവകുപ്പ് അല്ല കല്ലിടാന്‍ നിര്‍ദ്ദേശിച്ചതെന്ന് വ്യക്തമാക്കി കെ റെയില്‍ രംഗത്തെത്തിയത്. 'കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല, ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല'. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഏജന്‍സി മാത്രമാണെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്.

കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്‍റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യൂ വകുപ്പിന്‍റെ കൈകഴുകൽ.  കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കല്ലിടലിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്. ചുരുക്കത്തിൽ എന്ത് വന്നാലും സിൽവ‍ർലൈനിൽ പിന്നോട്ടില്ലന്ന് പറയുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർക്ക് നിർണ്ണായക കാര്യങ്ങളിൽ അവ്യക്തതയും  ദുരൂഹതയും തുടരുകയാണ്. ബഫർസോണിൽ ഇനിയും തീരാത്ത ആശയക്കുഴപ്പത്തിന് പിന്നാലെയാണ് കല്ലിടലിന്‍റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള തർക്കം.

  • പെരുകുന്ന കടം; കെ റെയിലിനായി ചരിത്രത്തിലെ എറ്റവും വലിയ കടമെടുപ്പിന് ഒരുങ്ങി കേരള സർക്കാർ

തിരുവനന്തപുരം: മൂന്ന് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ നിൽക്കുമ്പോഴാണ് കേരളം കെ റെയിലിനായി (K Rail) ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പിന് തയ്യാറാടെുക്കുന്നത്. വായ്പയായി 55,000 കോടി പ്രതീക്ഷിക്കുമ്പോഴും പദ്ധതി തുടങ്ങുമ്പോൾ ഇത് ഒരു ലക്ഷം കോടി പിന്നിടും. കടമെടുപ്പിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന തുക കുറയുന്നു എന്ന വിമർശനം കേൾക്കുമ്പോഴാണ് മറ്റൊരു വൻ ബാധ്യതയിലേക്ക് കേരളം പോകുന്നത്. കേരളത്തിലെ ജനസംഘ്യ മൂന്നേകാൽ കോടി. കേരളത്തിന്‍റെ പൊതുകടം ഇപ്പോൾ മൂന്ന് ലക്ഷം തൊടുന്നു. ആളോഹരി കടം 90,000 രൂപ. നികുതി വരുമാനത്തിൽ വൻ നഷ്ടം നേരിട്ടപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കടബാധ്യതയാണ് ഈ സാമ്പത്തിക വർഷം കേരളം വരുത്തി വച്ചത്. 

കെ റെയിലിൽ സംസ്ഥാന സർക്കാർ 33,700 കോടി വിദേശ വായ്പ എടുക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി കാക്കുന്നത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കടപത്രമിറക്കി 20,000 കോടിയിലേറെ വായ്പയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കെ റെയിൽ ചെലവ് ഉയരുമെന്ന നീതി ആയോഗ് കണക്ക് നോക്കിയാൽ ചെലവ് ഒന്നേകാൽ ലക്ഷം കോടി പിന്നിടും അങ്ങനെയെങ്കിൽ ഒരു ലക്ഷം കോടിയിലേറെ കടമെടുക്കാതെ പദ്ധതി സാധ്യമാകില്ല. ഇതു കൂടിയാകുമ്പോൾ ആളോഹരി കടം 90,000 രൂപയിൽ നിന്നും 1,20,000 രൂപയാകും. പദ്ധതി ലാഭമെന്നും വരുത്താൻ ഡിപിആറിലെ കണക്കിലെ കള്ളകളികളിൽ ആക്ഷേപങ്ങളുയർന്നിരുന്നു. പ്രാഥമിക രേഖയിൽ ദിവസയാത്രക്കാർ 45,000  ആയിരുന്നെങ്കിൽ അന്തിമ രേഖയിൽ ഇത് 82,266 യാത്രക്കാർ ആയി. 

പൊങ്ങച്ച പദ്ധതികൾ ഒരു രാജ്യത്തെ തന്നെ കടക്കെണിയിൽ കുരുക്കിയതാണ് ശ്രീലങ്കൻ അനുഭവം. ഇത് ഉയർത്തിയാണ് കെ റെയിൽ കടമെടുപ്പ് അപകടകരമാകുമെന്ന വിമർശനമുയരുന്നത്. കെ റെയിൽ ലാഭകരമായില്ലെങ്കിൽ കേരളത്തിന്‍റെ ക്രെഡിറ്റ് റേറ്റിങ്ങിലടക്കം ഇടിവുണ്ടാക്കും. ഇത് ഭാവിയിൽ കടമെടുപ്പിന് വലിയ പലിശ നൽകാൻ സംസ്ഥാനത്തെ നിർബന്ധിതരാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെൻഷനും നൽകാൻ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികൾക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെ. ഇതിനിടയിലാണ് കെ റെയിൽ കൂടി കടക്കണക്ക് ഉയർത്തുന്നത്. കടമെടുപ്പ് നല്ലതാണെന്ന ഐസക്ക് തിയറി ബാലഗോപാൽ ഏറ്റുപിടിക്കുന്നില്ലെങ്കിലും കൊവിഡ് തകർച്ച കാരണം ‍കടമെടുപ്പിൽ നിയന്ത്രണം കൊണ്ടു വരാൻ രണ്ടാം പിണറായി സർക്കാരിനും കഴിഞ്ഞിട്ടില്ല.
 

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം: സിപിഎം നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു
ശബരിമല സ്വർണക്കൊള്ളയിലെ വെളിപ്പെടുത്തൽ; 'അറിയാവുന്നതെല്ലാം പറയും'; എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല