
തിരുവനന്തപുരം: സിൽവർലൈൻ (Silver Line) കല്ലിടലിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറി റവന്യൂവകുപ്പ്. പ്രതിഷേധം കനക്കുന്നതിനിടെ കല്ലിട്ടുള്ള സർവ്വേക്ക് നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ (K Rajan) വ്യക്തമാക്കി. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ല. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നുമായിരുന്നു രോഷാകുലനായി മന്ത്രി പറഞ്ഞത്. കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു.
പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്‍റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യൂവകുപ്പിന്‍റെ കൈകഴുകൽ. സർവ്വേ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധമാക്കിയാണ് സർക്കാരും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറയുമ്പോഴും കല്ലിടലിന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്. ചുരുക്കത്തിൽ എന്ത് വന്നാലും സിൽവർലൈനിൽ പിന്നോട്ടില്ലന്ന് പറയുമ്പോഴും ഉത്തരവാദിത്തപ്പെട്ടവർക്ക് നിർണ്ണായക കാര്യങ്ങളിൽ അവ്യക്തതയും ദുരൂഹതയും തുടരുകയാണ്. ബഫർസോണിൽ ഇനിയും തീരാത്ത ആശയക്കുഴപ്പത്തിന് പിന്നാലെയാണ് കല്ലിടലിന്‍റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള തർക്കം.