
കോഴിക്കോട്: കുറ്റ്യാടിയിലെ അഭിരാമി എസ്റ്റേറ്റ് പുനഃപരിശോധന സമിതി ഉത്തരവ് റദ്ദാക്കും. വനം മന്ത്രി കെ രാജു വിളിച്ച ഉന്നത യോഗത്തിലാണ് തീരുമാനം. കോഴിക്കോട് കുറ്റ്യാടിയിൽ ഇഎഫ്എൽ നിയമപ്രകാരം 219 ഏക്കർ ഭൂമി ഏറ്റെടുത്തത് പുനപരിശോധിക്കാൻ സർക്കാർ ഇറക്കിയ ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി തന്നെ വനം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
19 വർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത കുറ്റ്യാടിയിലെ അഭിരാമി പ്ലാന്‍റേഷന്‍ വിട്ടുകൊടുക്കാനാണ് നീക്കം നടന്നത്. 219.51 ഏക്കർ ഭൂമി ഇഎഫ്എൽ നിയമപ്രകാരം ഏറ്റെടുത്തത് ഇഎഫ്എൽ കസ്റ്റോഡിയനും ട്രൈബ്യൂണലും ശരിവച്ചിരുന്നു. തോട്ടം ഉടമക്ക് നിയമപ്രകാരം ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ മാത്രമേ സമീപിക്കാൻ കഴിയുവെന്നിരിക്കെയാണ് തോട്ടം ഉടമയെ സഹായിക്കാൻ വനംവകുപ്പ് മന്ത്രി തന്നെ നീക്കം നടത്തിയത്. വനംഭൂമിയായി ഏറ്റെടുത്ത നടപടി പുനപരിശോധിക്കാൻ സമിതിയുണ്ടാക്കാനാണ് മന്ത്രി ഉത്തരവിട്ടത്. ഈ സമിതിയിൽ തോട്ടം ഉടമയെയും ഉള്‍പ്പെടുത്തി. ഇത് നിയമ വിരുദ്ധമെന്നായിരുന്നു ഏജിയുടെ റിപ്പോർട്ട്.
ഉത്തരവ് വിവാദമായതിനെ തുടർന്ന് ഇഎഫ്എൽ കസ്റ്റോഡിയനായ അഡീഷണൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ഉപദേശം തേടി. നിയമപ്രകാരം വനംഭൂമി ഏറ്റെടുക്കാനും പരിശോധിക്കാനും ഇഎഫ്എൽ കസ്റ്റോഡിനുമാത്രമാണ് അധികാരം, സർക്കാരിന് ഇടപെടാൽ കഴിയില്ലെന്നരിക്കെ പരിശോധന സമിതി നിയമവിരുദ്ധമെന്നായിരുന്നു എജിയുടെ മറുപടി. ഇഎഫ്എൽ നിയമത്തിനെതിരേ കേസുകള്‍ ദുർബലപ്പെടുത്താൻ സർക്കാർ ഉത്തരവ് കാരണമാകുമെന്നും അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam