ജയിൽ വകുപ്പ് പറയുന്നതെന്നും നോവലിന്റെ പിഡിഎഫ് വായിച്ച താൻ കണ്ടില്ല, രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ കെ സച്ചിദാനന്ദൻ

Published : Aug 22, 2025, 03:43 PM IST
K. Sachidanandan

Synopsis

'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിന്റെ നോവൽ പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചതിനെതിരെ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. 'ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ' എന്ന രൂപേഷിന്റെ നോവലിന് ജയിൽ വകുപ്പാണ് അനുമതി നിഷേധിച്ചത്. ജയിൽ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ഇത്. ജയിൽ മേധാവി പറയുന്ന കുഴപ്പങ്ങളൊന്നും നോവലിന്റെ പിഡിഎഫ് വായിച്ച തനിക്ക് കണ്ടെത്താനായില്ല എന്ന് സച്ചിദാനന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ജയിൽ മേധാവിയാണ് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചത്.

നോവലിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് സച്ചിദാനന്ദൻ. തനിക്ക് അതിൽ എതിർപ്പില്ലെന്നും കവി സച്ചിദാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ളവരെ കഥാപാത്രങ്ങൾ ആക്കി ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നെഴുതിയതായിരുന്നു അനുമതി നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രൂപേഷ് എഴുതിയ ഒരു നോവല്‍ ചർച്ചയിൽ ഉണ്ടല്ലോ. രാഷ്ട്രീയ തടവുകാര്‍- ഗാന്ധി, നെഹ്റു, ഹോ ചി മിന്‍ , മേരി ടൈലര്‍.... ജയിലില്‍ വെച്ച് ധാരാളം രചനകൾ നടത്തുകയും അവ പുറത്തു വരികയും ചെയ്തിട്ടുണ്ട്. 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന ഈ കൃതിയെ സംബന്ധിച്ച് ജയില്‍ മേധാവി സമർപ്പിച്ച റിപ്പോര്‍ട്ട് പറയുന്ന കുഴപ്പങ്ങൾ ഒന്നും ഈ നോവലിന്റെ pdf വായിച്ച ഞാന്‍ കണ്ടില്ല. ഇത് ഒരു നോവല്‍, ഒരു ഭാവനാസൃഷ്ടി ആണ്, ലേഖനം അല്ല. എന്നാല്‍, ജയില്‍ മേധാവി ഇതിനെ ഒരു വിമര്‍ശനപ്രബന്ധം പോലെ വായിച്ചതായി തോന്നുന്നു. അതുകൊണ്ടാണ് ജയിലിലെ ശകാരം, ഭരണവിമര്‍ശനം തുടങ്ങിയവയെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍ എടുത്തത്. അനുമതി നിഷേധിക്കാന്‍ പല കാരണങ്ങളില്‍ ഒന്നായി പറയുന്നത് ഇതിലെ പ്രധാന കഥാപാത്രം ഈ എഴുതുന്ന ആൾ ആണ് എന്നതാണ്. അയാളുടെ പേര് ഒരിടത്ത്‌ ' സച്ചി' എന്ന് പറയുന്നു, സച്ചിദാനന്ദന്റെ കവിതകൾ ഉദ്ധരിക്കുന്നു- ഇതൊക്കെ ചില പത്രങ്ങളിലും കണ്ടു. എന്നെ അറസ്റ്റു ചെയ്തിട്ടില്ല എന്ന് കൂടി പറയുന്നത് കണ്ടു. അങ്ങനെ പറയുന്നവർ 43 വര്‍ഷം മുന്‍പുള്ള ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിലെ ഫയലുകള്‍ പരിശോധിക്കും എന്ന് പ്രതീക്ഷിക്കുന്നു. പരിശോധിക്കുമ്പോള്‍, എന്റെ കുറ്റങ്ങളില്‍ ഒന്ന്, ഞാന്‍ തന്നെ പരിഭാഷ ചെയ്ത, ഇപ്പോള്‍ കേരളത്തിലെ എല്ലാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആലപിക്കുന്ന, സാര്‍വ ദേശീയഗാനം പാടി മാര്‍ച്ച് ചെയതു എന്നത് ആണെന്നും കാണും. ഞാന്‍ ജയിലില്‍ കിടന്നില്ല എന്നതിന് കാരണം യാദൃച്ഛികമാണ്, അന്നത്തെ തൃശ്ശൂർ കളക്‌ടര്‍ എന്റെ ക്ലാസ്സ് മേറ്റും ഹോസ്റ്റലില്‍ റൂം മേറ്റും ആയിരുന്ന, കര്‍ണ്ണാടകയില്‍ വെച്ച് കൊല്ലപ്പെട്ട, സി ടി സുകുമാരന്‍ ആയിരുന്നു എന്നതും സുകുമാരന്റെ നിര്‍ദേശത്തില്‍ ആര്‍ഡിഒ (ഞങ്ങളെ വൈകി എത്തിക്കാൻ പോലീസ് ശ്രദ്ധിച്ചിട്ടും) ഞാൻ ഉള്‍പ്പെട്ട നാലു പേര്‍ക്കും ( ഒരു വക്കീല്‍, ഒരു പത്രാധിപര്‍, എന്റെ ഒരു വിദ്യാര്‍ത്ഥി) ജാമ്യം തന്നതും ആണ്- എനിക്ക് ജാമ്യം നില്‍ക്കാന്‍ അന്ന് ഞാന്‍ പഠിപ്പിച്ചിരുന്ന ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. വിവിയന്‍ ഇരിഞ്ഞാലക്കുട പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തിരുന്നുവെ ങ്കിലും പിന്നീട് ഞങ്ങൾ കേസ് കൊടുത്തതും കോടതി പോലീസിന് താക്കീത് നല്‍കിയതും ചരിത്രം. ഇപ്പോൾ ഈ കഥ ഓര്‍ത്തത്, രൂപേഷ് ജയിലില്‍ വെച്ച് എഴുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് ഒരു വിരോധവും ഇല്ല എന്ന് അറിയിക്കാന്‍ ആണ്. ഇക്കാര്യത്തില്‍ ഞാന്‍ വൈശാഖന്‍, കെ ജി ശങ്കരപ്പിള്ള, സുനില്‍ പി ഇളയിടം, മീനാ കന്ദസാമി, ബി രാജീവന്‍, പി എന്‍ ഗോപീകൃഷ്ണന്‍, അശോകന്‍ ചരുവില്‍, അന്‍വര്‍ അലി, എസ് ഗോപാലകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, കെ പ്രകാശ്‌ ബാബു എന്നിവര്‍ക്കു ഒപ്പമാണ്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; അപകടം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ
കോഴിക്കോട് ഒരാൾക്ക് കൂടി മലേറിയ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് അതിഥി തൊഴിലാളിക്ക്