കുടിലിനുള്ളില്‍ ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വന്‍ ദുരിതത്തിലാക്കുന്നു
തൃശൂര്‍: കുടിലിനുള്ളില്‍ ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വന്‍ ദുരിതത്തിലാക്കുന്നു. മാരാംകോട് വനത്തില്‍ കുടില്‍കെട്ടി താമസിക്കുന്ന 41 കുടുംബങ്ങളാണ് നരകയാതന അനുഭവിക്കുന്നത്. ഷീറ്റ് വലിച്ചുകെട്ടിയ കുടിലുകളിലാണ് ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നത്. മഴവെള്ളത്തിന് പുറമെ താഴെ ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളം മൂലം ഇവര്‍ക്ക് കുടിലുനുള്ളില്‍ നില്‍ക്കാന്‍ പോലുമാകുന്നില്ല. കുടിലിനുള്ളിലും ഇഴജന്തുക്കളെത്തുന്നതോടെ കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കകുയാണ് ഇവിടത്തെ അമ്മമാര്‍.
ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ സന്ദര്‍ശനം നടത്തിയ മന്ത്രി കെ. തുളസി സുരക്ഷിതമായ വീടുകള്‍ നല്കുമെന്നതടക്കമുള്ള വലിയ വാഗ്ദാനങ്ങള്‍ നല്കിയിരുന്നു. എന്നാല്‍ മന്ത്രിയുടെ വാഗ്ദാനം വാക്കുകളില്‍ മാത്രമായൊതുങ്ങി. വീരാന്‍കുടി, അരേകാപ്പ് ഉന്നതികളില്‍ നിന്നുള്ള 41 കുടുംബങ്ങളിലെ കുട്ടികളടക്കം 104പേരാണ് മാരാംകോട് വനത്തില്‍ ഷീറ്റ് കെട്ടിയ ഷെഡില്‍ ഒരു വര്‍ഷം മുമ്പ് താമസമാക്കിയത്. 2018ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ഇവരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചത്.
വീടിനുള്ളില്‍ നിന്നും പുലി കുട്ടിയെ പിടികൂടിയതടക്കമുള്ള രൂക്ഷമായ വന്യജീവി ആക്രമണം തുടര്‍കഥയായപ്പോഴാണ് ഇവര്‍ക്കനുവദിച്ച സ്ഥലത്തേക്ക് ഇവര്‍ മാറി താമസിച്ചത്. സുരക്ഷിതമായ വീടടക്കമുള്ള ഒരു സൗകര്യങ്ങളും ഇവിടെ നല്കിയിട്ടില്ല. കുടിലുകളിലെ അടുപ്പ് പുകഞ്ഞിട്ട് ആഴ്ചകളായി. അന്നത്തെ കലക്ടറായിരുന്നു അര്‍ജ്ജുന്‍ പാണ്യന്‍റെ നേതൃത്വത്തില്‍ മാരാംകോട് വനത്തില്‍ 37കുടുംബങ്ങള്‍ക്കുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി നല്കിയത്. എന്നാല്‍ ഭൂമി പതിച്ച് നല്കി കൈവശരേഖ നല്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിക്കാത്തതാണ് വിനയായത്.
മഴ കനത്തതോടെ ഷീറ്റിട്ട കുടിലുകള്‍ക്കടിയില്‍ നിന്നും ഉറവയെടുക്കുന്നതോടെ കിടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായി. ഷീറ്റുകള്‍ക്ക് മുകളില്‍ നില്‍ക്കുന്ന വലിയ മരങ്ങള്‍ ഏതുനിമിഷവും കുടിലുകള്‍ക്ക് മുകളില്‍ വീഴാനുള്ള സാധ്യതയുണ്ട്. വന്യജീവികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.



