കെ ശ്രീകുമാര്‍ തിരുവനന്തപുരത്തിന്‍റെ പുതിയ മേയര്‍

By Web TeamFirst Published Nov 12, 2019, 3:03 PM IST
Highlights

ബിജെപിക്കെതിരെ ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്.യുഡിഎഫ് ആദ്യ റൗണ്ട് വോട്ടെടുപ്പിൽ തന്നെ പുറത്തായി.
 

തിരുവനന്തപുരം: തിരുവനന്തപുരം മേയറായി എൽഡിഎഫിലെ കെ ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിക്കെതിരെ ഏഴ് വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം നിലനിർത്തിയത്. യുഡിഎഫ് ആദ്യ റൗണ്ട് വോട്ടെടുപ്പിൽ തന്നെ പുറത്തായി.

അനിശ്ചിതത്വങ്ങളോ അട്ടിമറികളോ ഇല്ലാതെയാണ് എൽഡിഎഫ് മേയർ പരീക്ഷണം അനായാസം മറികടന്നത്. എല്‍ഡിഎഫിന് ഇവിടെ കേവല ഭൂരിപക്ഷമില്ലാഞ്ഞതാണ് മേയര്‍ തെരഞ്ഞെടുപ്പ് പരീക്ഷണമാകാന്‍ കാരണം.  ബിജെപി സ്ഥാനാർത്ഥി എംആർ ഗോപനെയും യുഡിഎഫിലെ ഡി അനിൽകുമാറിനെയും പരാജയപ്പെടുത്തിയാണ് ചാക്ക കൗണ്‍സിലർ കെ.ശ്രീകുമാർ മേയറാകുന്നത്.

രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ റൗണ്ടിൽ മൂന്നാമത് എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി പുറത്തായി. 21 യുഡിഎഫ് കൗണ്‍സിലർമാരില്ലാതെ നടന്ന രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് വേണ്ടിയിരുന്നത് 78ൽ 39 വോട്ടുകൾ. എന്നാൽ 42 വോട്ടുകൾ തേടി എൽഡിഎഫ് തുടർഭരണം ഉറപ്പിച്ചു. ബിജെപിയിലെ എംആർ ഗോപന് കിട്ടിയത് 35വോട്ടുകളാണ് .തെരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത് കെ.ശ്രീകുമാർ അധികാരമേറ്റു

ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. വി കെ പ്രശാന്ത്, വി ശിവൻകുട്ടി, കെ ചന്ദ്രിക അടക്കം മുൻ മേയർമാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. നഗരസഭയിലെ കക്ഷി നേതാക്കളും പുതിയ മേയർക്ക് ആശംസകൾ നേർന്നു.

click me!