
പത്തനംതിട്ട: സ്നേഹം കൊണ്ട് ജനമനസ് കീഴടക്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു രാഷ്ട്രീയ നേതാവിനും കേരളം ഇങ്ങനെയൊരു യാത്രയയപ്പ് നൽകിയിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സമാനതകള്‍ ഇല്ലാത്ത നേതാവാണ് ഉമ്മന്‍ചാണ്ടി എന്ന് തെളിയിക്കുന്നതാണ് ഇത്തരമൊരു ജനക്കൂട്ടം. ഒരു രാഷ്ട്രീയ നേതാവ് കടന്നു പോയപ്പോഴും ഇത്ര വലിയ യാത്രയയപ്പ് കിട്ടിയിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഉമ്മന്‍ ചാണ്ടിയെ ഒരു നോക്ക് കാണാന്‍ വഴിയൊരത്ത് കാത്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ പോലെ ഉമ്മൻ ചാണ്ടി മാത്രമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പ് ഇല്ലാത്ത ഒരു വികസനവും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ജനം ഇങ്ങനെ യാത്രയയപ്പ് നല്‍കുന്നത്. വികസന രംഗത്തും നാടിന്റെ മുഖം മാറ്റാന്‍ ശ്രമിച്ച കരുത്തുറ്റ രാഷ്ട്രീയ നേതാവ് വേറെയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. എന്റെ മനസ്സിൽ ശൂന്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എംസി റോഡിലെ ചെറുകവലകളിൽ വരെ ജനക്കൂട്ടം ഒഴുകിയെത്തുകയാണ്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് സ്വന്തം നാടായ കോട്ടയം പുതുപ്പള്ളിയിലേയ്ക്കുള്ള വിലാപ യാത്ര മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര 16 മണിക്കൂർ പിന്നിടുമ്പോൾ അടൂരില്‍ എത്തിയിട്ടേയുള്ളു. രാത്രി വൈകിയും വഴിയുലുടനീളം സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം വൻ ജനാവലി പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ കാത്തുനിൽക്കുകയാണ്.
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്കാരം. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.