
പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂര്‍ പിന്നിട്ടു. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച വിലാപയാത്ര, രാത്രി ഒമ്പത് മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നില്‍ക്കുന്നത്. ചടയമംഗലത്തും വാളകത്തും ആയൂരും കൊട്ടാരക്കരയും വൻ ജനക്കൂട്ടമാണ് ഉമ്മൻചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്.
ഉമ്മൻചാണ്ടി എന്ന നേതാവിന്റെ പേരിനൊപ്പം കാലഭേദങ്ങളില്ലാതെ എപ്പോഴും ചേര്‍ത്ത് വയ്ക്കാവുന്ന ഒറ്റവാക്കാണ് ജനസമ്പര്‍ക്കം. ജനങ്ങൾക്കിടയിൽ നിന്ന് ശേഖരിക്കുന്ന ഊര്‍ജ്ജവും ആര്‍ജ്ജിക്കുന്ന വിശ്വാസവുമാണ് പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞിനെ ഉമ്മൻചാണ്ടിയെന്ന ജനനായകനാക്കിയതും. എക്കാലവും ജനങ്ങൾക്കിടയിൽ ജീവിച്ച ഉമ്മൻചാണ്ടിക്ക് വികാരനിർഭര യാത്രാമൊഴിയാണ് ജനങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകൾ വൈകിയാണ് നീങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റർ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂർ വേണ്ടിവന്നു. പുഷ്‌പാലംകൃത വാഹനത്തിൽ കുടുംബാംഗങ്ങളും കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Also Read: ഉമ്മൻചാണ്ടിയുടെ സംസ്കാരം, സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ
രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.25 നാണ് അന്തരിച്ചത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്കാരം. ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതി ആവശ്യമില്ലെന്ന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam