സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണോ? മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു; പക്ഷേ സംശയമുണ്ട്: സുധാകരൻ

Published : Jun 24, 2022, 09:57 PM ISTUpdated : Jun 24, 2022, 09:58 PM IST
സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണോ? മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നു; പക്ഷേ സംശയമുണ്ട്: സുധാകരൻ

Synopsis

സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട് കല്‍പ്പറ്റയിലെ എംപിയുടെ ഓഫീസ് എസ്എഫ് ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എസ്എഫ് ഐ ആക്രമണത്തെ അപലപിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ ആത്മാര്‍ത്ഥതയില്‍ സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

രാഹുലിന്‍റെ ഓഫീസ് ആക്രമണം: സംസ്ഥാനത്തും ദില്ലിയിലും പ്രതിഷേധം കത്തുന്നു; പന്തംകൊളുത്തി പ്രകടനവുമായി പ്രവർത്തകർ

ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത് സംഘപരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ സിപിഎം നടപ്പാക്കുകയാണ്.രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് ആശയങ്ങളെയും എതിര്‍ക്കുന്നതില്‍ സിപിഎമ്മും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ്. ഇരുവര്‍ക്കുമുള്ള അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് ഇതിന് കാരണം. കറന്‍സി കടത്തലില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സിപിഎം മനപൂര്‍വ്വം കേരളത്തില്‍ അക്രമം അഴിച്ചുവിടുകയാണെന്നും സുധാകരൻ പറഞ്ഞു.

'കൃത്യമായി ആസൂത്രണം ചെയ്ത ആക്രമണം, മുഖ്യമന്ത്രിയുടെ നിലപാടിൽ സംശയം, ദേശീയ നേതൃത്വം നിലപാട് പറയണം': ഉമ്മൻചാണ്ടി

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്ന പൊലീസ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കുട്ടി സഖാക്കള്‍ തല്ലിത്തകര്‍ക്കുന്നത് കൈയ്യുംകെട്ടി നോക്കി നിന്നു.കെപിസിസി ആസ്ഥാനം തല്ലിത്തകര്‍ത്ത് എകെ ആന്റണിയെ വകവരുത്താന്‍ ശ്രമിച്ചവരെ ഇതുവരെ പോലീസ് പിടികൂടിയില്ല. സിപിഎം ഗുണ്ടകളെ തൊട്ടാല്‍  തൊപ്പിപോകുമെന്ന ഭയമാണ് പോലീസിന്. സിപിഎമ്മിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പോലീസ് കേരളത്തിന് തന്നെ അപമാനമാണ്. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷനേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ് ഐ ക്രിമിനലുകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കുന്ന പോലീസാണ് കേരളത്തിലേത്. സിപിഎം ഗുണ്ടകളുടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും പോലീസ് പ്രോത്സാഹനം നല്‍കുകയാണ്. ഇത് അപകടകരമായ പ്രവണതയാണെന്നും സുധാകരന്‍ പറഞ്ഞു.

' ഈ അക്രമം ബി ജെ പിക്ക് കേരളാ സി പി എം നൽകുന്ന പ്രത്യക്ഷ പിന്തുണ ', രാഹുലിന്റെ ഓഫീസാക്രമണത്തിനെതിരെ കെ എം ഷാജി

ബഫര്‍സോണ്‍ വിഷയത്തില്‍ സിപിഎമ്മും എസ്എഫ് ഐ സഖാക്കളും ആദ്യം പ്രതിഷേധം സംഘടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലേക്കാണ്. പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്)  നിശ്ചയിക്കുന്നതില്‍  ഒളിച്ചുകളിയും ഇരട്ടത്താപ്പും  നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.പിണറായി മന്ത്രിസഭ 2019 ഒക്ടോബര്‍ 23ന് ബഫര്‍സോണിന് അനുകൂലമായ തീരുമാനമെടുത്ത ശേഷം സൗകര്യപൂര്‍വ്വം സത്യങ്ങള്‍  മറച്ചുവെച്ചാണ് കുട്ടിസഖാക്കളെ കയറൂരിവിട്ടത്. ബഫര്‍സോണ്‍ വിഷയിത്തില്‍ മലയോര പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ തുടക്കം മുതല്‍ ഒപ്പം നിന്ന് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് ഭേദഗതി നിര്‍ദ്ദേശിക്കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മീഷനെ നിയോഗിച്ചത് യുഡിഎഫ് സര്‍ക്കാരാണ്.  ആ കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പാറക്കെട്ടുകള്‍, തരിശ് ഭൂമി, ചതുപ്പ് നിലങ്ങള്‍ എന്നിവയെ നിലനിര്‍ത്തിക്കൊണ്ട് ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും  ബഫര്‍സോണില്‍ നിന്നും ഒഴിവാക്കി യുപിഎ  സര്‍ക്കാര്‍ പ്രാഥമിക നോട്ടിഫിക്കേഷന്‍ ഇറക്കിയത്. അതിന് ഘടകവിരുദ്ധമായ നിലപാടാണ് പിണറായി മന്ത്രിസഭ സ്വീകരിച്ചത്. എന്നിട്ട് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ക്കാന്‍ സിപിഎം ആളെ വിട്ടത് പരിഹാസ്യമാണെന്നും അപലപനീയമാണെന്നും സുധാകരന്‍ പറഞ്ഞു.

ആക്രമണത്തിൽ എസ് എഫ് ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ളവർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'