തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് ത‍കർത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം പടർന്നുകഴിഞ്ഞു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ജി സെന്‍ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി. ജലപീരങ്കിയടക്കം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

വയനാട്ടിൽ തുടങ്ങിയ പ്രതിഷേധം എല്ലാ ജില്ലകളിലേക്കും രാജ്യ തലസ്ഥാനത്തേക്കും വ്യാപിച്ചുകഴിഞ്ഞു. ദില്ലിയിലെ എസ് എഫ് ഐ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസാണ് മാർച്ച് നടത്തുന്നത്. എറണാകുളം ഡിസിസി ഓഫീസിൽ നിന്ന് തുടങ്ങിയ കെ എസ് യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു.

'എസ്എഫ്ഐ പരിപാടികളെല്ലാം പാ‍ർട്ടിയുമായി കൂടിയാലോചിച്ചല്ല'; സിപിഎം ജില്ലാ സെക്രട്ടറിയുടെ ആദ്യ പ്രതികരണം

പാലക്കാട്‌ നഗരത്തിൽ വലിയ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തുന്നത്. ദേശീയ പാതയടക്കം ഉപരോധിച്ചാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാത ഷാഫി പറമ്പിൽ നേതൃത്തിലും കോയമ്പത്തൂർ പാത സരിന്റെ നേതൃത്വത്തിലും ഉപരോധിച്ചു. പന്തം കൊളുത്തിയുള്ള പ്രകടനവുമായി പ്രവ‍ർത്തകർ നഗരത്തിൽ തുടരുന്നുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി ഇപ്പോൾ എത്തിയിട്ടുണ്ട്.

ആക്രമണത്തിൽ എസ് എഫ് ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ളവർ

അതേസമയം മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ അക്രമം നടത്തിയ എസ് എഫ് ഐ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ​ഗാന്ധിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയെ സുഖിപ്പിക്കാനോയെന്ന് കോൺഗ്രസിന്‍റെ ചോദ്യം

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് നരേന്ദ്രമോദിയെയും സംഘപരിവാറിനെയും ബി ജെ പിയെയും സുഖിപ്പാനായിരുന്നോ എന്ന ചോദ്യമുയർത്തിയാണ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം പ്രതിഷേധം വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

' ഈ അക്രമം ബി ജെ പിക്ക് കേരളാ സി പി എം നൽകുന്ന പ്രത്യക്ഷ പിന്തുണ ', രാഹുലിന്റെ ഓഫീസാക്രമണത്തിനെതിരെ കെ എം ഷാജി