തോന്നും പോലുള്ള പിഴ, സർക്കാർ ജനങ്ങളെ കുത്തിപ്പിഴിയാൻ നോക്കുന്നു; ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണം: സുധാകരന്‍

Published : Apr 19, 2023, 03:34 PM IST
തോന്നും പോലുള്ള പിഴ, സർക്കാർ ജനങ്ങളെ കുത്തിപ്പിഴിയാൻ നോക്കുന്നു; ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണം: സുധാകരന്‍

Synopsis

വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നടപ്പാക്കാൻ പോകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കാരത്തിനെതിരെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.

കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹന ഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നു  സുധാകരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എ ഐ ക്യാമറകള്‍ ഉപയോഗിച്ച്  ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ. ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണ്.

വേഗപരിധിയുടെ കാര്യത്തില്‍ സമ്പൂര്‍ണ ആശയക്കുഴപ്പമുണ്ട്. ദേശീയപാതകളിലെ വേഗപരിധി സംബന്ധിച്ച് കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ 2018 ലെ വിജ്ഞാപന പ്രകാരം ഒരു നിരക്കും സംസ്ഥാന സര്‍ക്കാരിന്റെ  2014 ലെ വിജ്ഞാപന പ്രകാരം മറ്റൊരു നിരക്കുമാണ് നിലവിലുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിരക്ക് കേന്ദ്രത്തിന്റേതിനു തുല്യമാക്കണമെന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശിപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്നു. ഇത്തരം ആശയക്കുഴപ്പം വ്യാപകമായി നിലനില്ക്കുമ്പോള്‍ വേഗപരിധി സംബന്ധിച്ച്  ആവശ്യത്തിന് സൈന്‍ ബോര്‍ഡുകള്‍ പോലും ഇല്ലാത്തത് യാത്രക്കാരെ മനഃപൂര്‍വം കുടുക്കാനാണെന്നു സംശയിക്കണം.

നഗരങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കാതെയാണ് ആ വകയിലും സര്‍ക്കാര്‍ പിഴയീടാക്കുന്നത്. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റകൃത്യത്തിന് തുടര്‍ യാത്രയില്‍ മറ്റൊരു ക്യമാറ രേഖപ്പെടുത്തിയാലും വീണ്ടും പിഴയൊടുക്കേണ്ട സാഹചര്യം വിചിത്രമാണ്. എഐ ക്യാമറകണ്ണുകളില്‍നിന്ന്  മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിഐപികളെ ഒഴിവാക്കിയതായും കേള്‍ക്കുന്നു.  കേരളത്തിലെ ഏറ്റവും വലിയ ഗതാഗത നിയമലംഘകള്‍ ഇക്കൂട്ടരാണ്. അവരെ ഒരു കാരണവശാലും ഒഴിവാക്കരുത്. റോഡുകളില്‍ നെടുകയും കുറുകെയുമുള്ള നിരവധി വരകളുടെ അര്‍ത്ഥതലങ്ങള്‍ എന്താണെന്ന് ആര്‍ക്കും അറിയില്ല.  ഇത്തരം സാങ്കേതികമായ പിഴവുകള്‍ തിരുത്തിയ ശേഷം നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരത്തോട് പൂര്‍ണയോജിപ്പാണുള്ളതെന്ന് സുധാകരന്‍ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'