രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍; ആ 'നീച ജന്മവും' കേരളത്തിൽ ജീവിക്കുന്നു: കെ സുധാകരന്‍

By Web TeamFirst Published Jul 15, 2022, 7:58 PM IST
Highlights

'പേ പിടിച്ച അടിമക്കൂട്ടത്തെ ചുറ്റുംനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഏക രാഷ്ട്രീയക്കാരൻ' എന്നായിരുന്നു മുഖ്യമന്ത്രിയെ കെ സുധാകരന്‍ വിശേഷിപ്പിച്ചത്

തിരുവനന്തപുരം: കെ കെ രമ എം എൽ എയ്ക്കെതിരായ പരാമർശത്തിൽ എം എം മണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായി പ്രതികരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്ത്. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയനെന്ന് അഭിപ്രായപ്പെട്ട സുധാകരൻ നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍, ആ 'നീച ജന്മവും' കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും പറഞ്ഞു.

വാദങ്ങളിൽ ജയിക്കാൻ സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അപലപനീയം; എം എം മണിക്കെതിരെ ആനി രാജ

സുധാകരന്‍റെ വാക്കുകൾ

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. തന്‍റെ യഥാര്‍ത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നില്‍  അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളര്‍ത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിര്‍ദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സി പി എമ്മില്‍ ആളുകളുണ്ട്. ഒരുപക്ഷെ സി പി എം എന്നൊരു പാര്‍ട്ടിയില്‍ മാത്രമേ അത്തരക്കാര്‍ ഉണ്ടാവുകയുള്ളുവെന്നും സുധാകരൻ പറഞ്ഞു.

കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാന്‍ പറ്റും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരന്‍. ആ 'നീച ജന്മവും' കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതില്‍ ഓരോ മലയാളിയും തലകുനിക്കുന്നു. സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെണ്‍കുട്ടികളെ സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഇവരുടെ യഥാര്‍ത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളില്‍ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാള്‍ ക്രൂരരായ മനുഷ്യര്‍ ഉണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുക!. കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവര്‍ ഇവിടെ വരെയെത്തിയത്. അതിനവര്‍ക്ക് പിന്തുണ കൊടുത്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. അതിനിയും തുടരും.ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോണ്‍ഗ്രസ് ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

മനുഷ്യത്വരഹിതം, മണിക്കെതിരെ ഉമ്മന്‍ ചാണ്ടി; 'പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് കേരളത്തിന് അപമാനം, മാപ്പ് പറയണം'

അതേസമയം കെ കെ രമ എം എല്‍ എയ്‌ക്കെതിരേ മുന്‍മന്ത്രി എം എം മണി നടത്തിയ പരാമര്‍ശം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഒരിക്കലും പറയാന്‍ പാടില്ലാത്തതു പറഞ്ഞെന്നു മാത്രമല്ല, അതില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തുവരുകയും ചെയ്തത് കേരളത്തിനു അപമാനകരമാണ്. സഭയക്കുള്ളിലോ പുറത്തോ ഇത്തരം പരാമര്‍ശങ്ങള്‍ ആരും നടത്താന്‍ പാടില്ല. അതുണ്ടാക്കുന്ന വേദനയുടെ ആഴം അനുഭവിക്കുന്നവര്‍ക്കേ അറിയൂ. മണിയുടെ പരാമര്‍ശത്തെ  മുഖ്യമന്ത്രി ന്യായീകരിച്ചതും സ്പീക്കര്‍ കണ്ടില്ലെന്നു നടിച്ചതും തെറ്റാണ്. എംഎല്‍എയെ തിരുത്താന്‍ മുഖ്യമന്ത്രി തുനിഞ്ഞില്ല. രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

'മണിയുടെ പരാമർശത്തിൽ തെറ്റില്ല, മാപ്പുപറയേണ്ടതില്ല': എ വിജയരാഘവൻ

click me!