
തിരുവനന്തപുരം: കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ വച്ച് രഹസ്യയോഗം ചേർന്ന കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരെ അക്രമിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ (K Sudhakaran). കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതിൽ കെപിസിസിക്ക് (KPCC) ദുഖമുണ്ടെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരൻ പറഞ്ഞു.
സംഭവത്തിൽ കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരൻ വ്യക്തമാക്കി. ഡിസിസി റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ കെപിസിസി തന്നെ നേരിട്ട് ഇതേക്കുറിച്ച് അന്വേഷിക്കും. ഡിസിസിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുമെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ എ ഗ്രൂപ്പ് നേതാവ് ലത്തീഫിനെതിരായ സസ്പെൻഷൻ നടപടിയെ ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ സുധാകരൻ ന്യായീകരിച്ചു. ലത്തീഫിനെതിരായ നിരവധി പരാതികൾ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവിധേമായിട്ടാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും സുധാകരൻ വ്യക്തമാക്കി. ആരെയെങ്കിലും ലക്ഷ്യമിട്ടോ ആരേയും ദ്രോഹിക്കാനോ അല്ല സസ്‌പെൻഷൻ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറിയായിരുന്ന ലത്തീഫിനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ തിരുവനന്തപുരം വിഴിഞ്ഞത് കെപിസിസി നേതൃത്വത്തിന് പരസ്യപ്രതിഷേധം അരങ്ങേറിയിരുന്നു.
അതേസമയം കോഴിക്കോട് കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ നല്‍കിയ പരാതിയും കൈരളി,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയ പരാതികളും ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം. നിലവില്‍ സാജന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ഡിസിസി മുന്‍ പ്രസിഡണ്ട് യു.രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ് എടുത്തിരിക്കുന്നത്.
വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡണ്ട് രണ്ടംഗ കമ്മീഷനെ ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ.പ്രവീണ്‍ കുമാറും അറിയിച്ചു. രണ്ടംഗ കമ്മീഷനോട് പതിനെട്ടിന് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പത്തൊന്‍പതാം തിയ്യതി കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam