'നികൃഷ്ടജീവി, എടാ ഗോപാലകൃഷ്ണാ, കീടം, പരനാറി'; പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായിയെന്ന് സുധാകരൻ

Published : Mar 18, 2023, 07:46 PM IST
'നികൃഷ്ടജീവി, എടാ ഗോപാലകൃഷ്ണാ, കീടം, പരനാറി'; പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായിയെന്ന് സുധാകരൻ

Synopsis

കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച്  സമരാഭാസം നടത്തുന്ന എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടത്.

തിരുവനന്തപുരം: പ്രിന്‍സിപ്പലിന് കാമ്പസില്‍ കുഴിമാടം ഒരുക്കി റീത്ത് വച്ച ചരിത്രമുള്ള എസ്എഫ്‌ഐക്കാര്‍ തിരുവനന്തപുരം ലോ കോളജില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 21 അധ്യാപകരെ അര്‍ധരാത്രിവരെ നീണ്ട 12 മണിക്കൂര്‍ മുറിയില്‍ പൂട്ടിയിടുകയും  ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി പ്രാകൃതമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കയ്യൂക്കിന്റെ ബലത്തില്‍ കലാലയങ്ങളില്‍ കലാപാന്തരീക്ഷം സൃഷ്ടിച്ച്  സമരാഭാസം നടത്തുന്ന എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടുകയാണു വേണ്ടത്.

സ്വാതന്ത്ര്യം, സോഷ്യലിസം, മതേതരത്വം എന്നിങ്ങനെ എഴുതിവെച്ചിട്ട് അക്രമം, അരാജകത്വം, ഏകാധിപത്യം എന്നിവയാണ് നടപ്പാക്കുന്നത്. 'മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം'' എന്നു പറഞ്ഞതുപോലെ അക്രമത്തിലും ഗുണ്ടായിസത്തിലും രക്തച്ചൊരിച്ചിലിലും വിശ്വസിക്കുന്ന മാതൃസംഘടനയെ ആണ് ഇവര്‍ മാതൃകയാക്കുന്നത്. കെഎസ്‍യു പ്രവര്‍ത്തകരെ അക്രമിച്ചതിനും കൊടിമരം നശിപ്പിച്ചതിനും എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തതിന്റെ പ്രതികാരമാണ് അധ്യാപകര്‍ക്കെതിരെ തീര്‍ത്തത്.

കെഎസ്‍യു പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യംപോലും പോലും നിഷേധിക്കുകയാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയിലെ പെണ്‍കുട്ടികള്‍ക്കടക്കം കൊടിയ മര്‍ദ്ദനമാണ് എസ്എഫ്ഐയില്‍നിന്നും നേരിടേണ്ടി വന്നത്.
മയക്കുമരുന്ന് ലോബി മുതല്‍ ഗുണ്ടാത്തലവന്‍മാര്‍ വരെയുള്ളവരുടെ സഹായത്തോടെയാണ് കാമ്പസുകളില്‍ എസ്എഫ്ഐയുടെ കുട്ടിസഖാക്കള്‍ വിലസുന്നത്.

ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംഘടനയായി എസ്എഫ്ഐ മാറി. അധ്യാപകരെ ആക്രമിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ പേരിന് കേസെടുത്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്. അധ്യാപകര്‍ക്കെതിരേ എസ്എഫ്ഐക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിരുകടന്ന പിണറായി ഭക്തിയില്‍ കാഴ്ചക്കാരായി മാറിനിന്ന് രസിച്ച പൊലീസ് നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. പൂര്‍വ്വകാല സഖാക്കളുടെ മനോനിലയില്‍ നിന്നും ഇപ്പോഴും മോചനം നേടാത്ത പൊലീസ് ഏമാന്‍മാര്‍ കുട്ടി സഖാക്കള്‍ക്കും  സിപിഎം ക്രിമിനലുകള്‍ക്കും കുടപിടിക്കുന്ന  പണി അവസാനിപ്പിക്കുന്നതാണ് നല്ലത്.  

സിപിഎമ്മിന്‍റെ പാദസേവയും ചെയ്ത് ജനങ്ങളുടെ മേല്‍ കുതിരകേറാന്‍ വന്നാല്‍ കയ്യുംകെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. മലയാള ഭാഷയ്ക്ക് നിരവധി പദസമ്പത്ത് സംഭാവന ചെയ്ത വ്യക്തിയാണ് പിണറായി വിജയന്‍.  നികൃഷ്ടജീവി, കുലംകുത്തി, എടാ ഗോപാലകൃഷ്ണാ, കീടം, നാറി, പരനാറി, ചെറ്റ, ചെറ്റത്തരം എന്നൊക്കെ അദ്ദേഹം പലരെയും അധിക്ഷേപിച്ച് ആക്രോശിച്ചപ്പോള്‍ കുലുങ്ങിച്ചിരിച്ച  സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ ഇപ്പോള്‍ ഫ്യൂഡല്‍ മനഃസ്ഥിതിയുടെ താത്വികാവലോകനത്തിലേക്കു പോകാതെ, പിണറായിയെ ചോദ്യം ചെയ്യാനും  തിരുത്താനുമാണ് തയ്യാറാകേണ്ടതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പാവങ്ങളെ പുച്ഛിക്കാനാണ് പ്രസ്തുത പദം ഉപയോഗിക്കുന്നെങ്കില്‍ പിണറായി ആയിരം വട്ടം പാവങ്ങളുടെ മേല്‍ കുതിരകയറിയിട്ടുണ്ട്. അന്നൊന്നും ഒരിക്കല്‍പ്പോലും ചോദ്യം ചെയ്യാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ ധൈര്യം കാട്ടിയിട്ടില്ലെന്നും ഇനി അതുണ്ടാകുമെന്നു താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ