
1 ബ്രഹ്മപുരത്ത് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ, ഉത്തരവിനെതിരെ അപ്പീലെന്ന് കൊച്ചി മേയർ
ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷന് നൂറ് കോടി രൂപ പിഴയിട്ടതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ദേശീയ ഹരിത ട്രൈബ്യൂണലാണ് 100 കോടി പിഴയിട്ട് ഉത്തരവ് പുറത്തിറക്കിയത്. തുക കേരള ചീഫ് സെക്രട്ടറിക്ക് അടയ്ക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ കൊച്ചി മേയര്‍ എം അനിൽ കുമാർ രംഗത്തെത്തി. കോര്‍പ്പറേഷന്റെ ഭാഗം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയതെന്നും നഷ്ടം കണക്കാക്കാതെയാണ് 100 കോടി രൂപ പിഴ വിധിച്ചതെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. ഇത് അംഗീകരികാനാവില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കുമെന്നും അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയിൽ കേസ് നിൽക്കുന്നത് പോലും ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തീ പിടുത്തത്തില്‍ നഷ്ടം എത്രയാണ് എന്ന് കണക്കാക്കാതെ, എങ്ങിനെ 100 കോടി പിഴ നിശ്ചയിച്ചു എന്നായിരുന്നു കൊച്ചി മേയറുടെ ചോദ്യം.
2 'ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിന് സംഘങ്ങളെ രൂപീകരിച്ചു'; പിഎഫ്ഐ കേസിൽ അഞ്ചാം കുറ്റപത്രം
പിഎഫ്ഐ ചെയർമാൻ ഒ എം എ സലാം അടക്കം പോപ്പുലർ ഫ്രണ്ടിന്റെ പന്ത്രണ്ട് ദേശീയ നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. രാജ്യത്ത് ഇസ്ലാമിക ഭരണത്തിനായി സായുധ കലാപത്തിന് സംഘങ്ങളെ രൂപീകരിച്ചു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ സമർപ്പിക്കുന്ന അഞ്ചാമത്തെ കുറ്റപത്രമാണിത്. 19 പേരെയാണ് ഈ കുറ്റപത്രത്തിൽ പ്രതികളാക്കി ചേർത്തിരിക്കുന്നത്. ഇതിൽ പന്ത്രണ്ട് പേർ സംഘടനയുടെ ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്. മലയാളികളായ അബ്ദുൾ റഹിമാൻ, വി പി നസറുദ്ദീൻ, ഇ അബൂബക്കർ, പ്രൊഫ. പി കോയ, അനീസ് അഹമ്മദ് അടക്കം പ്രതിപ്പട്ടികയിലുണ്ട്. ആക്രമണത്തിനായി ആയുധധാരികളുടെ സംഘം രൂപീകരിച്ചെന്നും, ഇതിനായി രാജ്യത്ത് ഉടനീളം ആയുധപരിശീലനത്തിന് പാഠ്യ പദ്ധതി ഉണ്ടാക്കിയെന്നും എൻഐഎ കുറ്റപ്പത്രത്തിൽ പറയുന്നു.
3 ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു
ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ അന്തരിച്ചു. 92 വയസായിരുന്നു. 1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കമുള്ള പ്രമുഖർ രംഗത്ത്. ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ഗുരുനാഥനായിരുന്നതുമുതലുള്ള ബന്ധം ഓർമ്മിപ്പിച്ചാണ് ഉമ്മൻ ചാണ്ടിയുടെ കുറിപ്പ്. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പുകൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്‍റെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത്. വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹമെന്നാണ് വി ഡി സതീശൻ ചൂണ്ടികാട്ടിയത്.
4 ലോ കോളേജ് സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കേണ്ടെന്ന് പിടിഎ യോഗത്തിൽ തീരുമാനം
ലോ കോളേജിൽ കെഎസ്‍യു കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല. സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചു. പിടിഎ പ്രതിനിധികളും പങ്കെടുക്കും. ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് തീരുമാനം. റെഗുലര്‍ ക്ലാസ് തുടങ്ങുന്നതിലും ഈമാസം 24ന് വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതിലും ഇതിന് ശേഷം തീരുമാനമെടുക്കും. സസ്പെൻഷനിലായ വിദ്യാര്‍ത്ഥികൾക്ക് പൊതുപരീക്ഷ എഴുതാം. എസ്എഫ്ഐ അതിക്രമത്തിന് ഇരയായ അസിസ്റ്റന്‍റ് പ്രോഫസറുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം.
5 'നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം', സച്ചിൻ ദേവ് എംഎൽഎക്കെതിരെ സൈബർ സെല്ലിന് പരാതി നൽകി കെ കെ രമ
നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ എംഎൽഎ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് എന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. തന്നെ ചികിൽസിച്ചത് ജനറൽ ആശുപത്രിയിൽ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.
6 'വിഡി സതീശന് ഹുങ്ക്, സമവായത്തിന് വഴങ്ങുന്നില്ല'; പ്രതിപക്ഷത്തിനെതിരെ മന്ത്രി റിയാസ്
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്നും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് ഹുങ്കാണ്. സ്പീക്കർക്കുമേൽ കുതിര കയറുകയാണ് പ്രതിപക്ഷം. സമവായത്തിന് പ്രതിപക്ഷം വഴങ്ങുന്നില്ല. നിയമസഭയിലെ ബഹളത്തിൽ ചിന്തിക്കേണ്ടത് പ്രതിപക്ഷമാണെന്നും റിയാസ് പറഞ്ഞു. വ്യക്തിപരമായ ആക്ഷേപമാണ് അവർ നടത്തുന്നത്. വ്യക്തിപരമായ ആരോപണം ഉന്നയിച്ചാൽ പേടിച്ച് പിൻമാറുന്നവരല്ല ഞങ്ങൾ. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടതെന്നും റിയാസ് പറഞ്ഞു. മാനേജ്മെൻറ് കോട്ട എന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തിനും റിയാസ് മറുപടി നൽകി. ബേപ്പൂരിൽ മത്സരിച്ചപ്പോൾ ഇതിലും വലിയ ആരോപണങ്ങൾ കേട്ടിരുന്നു. ഇത്തരം പരാമർശങ്ങൾക്ക് മറുപടി പറയാനില്ല. ചരിത്രത്തിലെ വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ മറുപടി പറഞ്ഞതാണെന്നും റിയാസ് തിരിച്ചടിച്ചു.
7 മുസ്ലിം ലീഗ് നേതൃത്വം തുടരും; ജനറൽ സെക്രട്ടറി പി എം എ സലാം തന്നെ
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം തുടരുമെന്നതാണ് മറ്റൊരു പ്രധാനവാർത്ത. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി സാദിഖ് അലി തങ്ങളും ജനറൽ സെക്രട്ടറിയായി പിഎംഎ സലാമും ട്രഷററായി സി ടി അഹമ്മദ് അലിയും തുടരാൻ ധാരണയായി. ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനിടെ കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് പിഎംഎ സലാം തന്നെ തുടരട്ടെ എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ എം കെ മുനീർ ജനറൽ സെക്രട്ടറിയാകട്ടെ എന്ന അഭിപ്രായം ചില മുതിർന്ന നേതാക്കള്‍ മുന്നോട്ട് വെച്ചു. ഇതോടെ പാർട്ടിയുടെ മുഴുവൻ ജില്ലാ കമ്മറ്റി ഭാരവാഹികളെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. ഒരോ ജില്ലാ കമ്മിറ്റി അധ്യക്ഷന്‍മാരെയും പ്രത്യേകം വിളിപ്പിച്ച് അഭിപ്രായം ആരായുകയുമുണ്ടായി. കമ്മറ്റി തെരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് മുസ്ലിം ലീഗ് കീഴ്വഴക്കമല്ലെന്നും സാദിഖലി തങ്ങൾ നേരത്തെ പ്രതികരിച്ചിരുന്നു.
കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം. കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് തടവറയിൽ കഴിഞ്ഞിരുന്നത്. മകളുടെ വിവാഹത്തിന് പങ്കെടുക്കാനായി15 ദിവസത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു റിപ്പർ ജയാനന്ദന്‍റെ ഭാര്യ ഇന്ദിരയുടെ ആവശ്യം. സംസ്ഥാന സർക്കാർ പരോളിനെ എതിർത്തിരുന്നു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ വെള്ളക്കെട്ടുണ്ടായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിലാണ് റോഡിലെ പലയിടത്തും വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. എക്‌സ്‌പ്രസ്‌വേ ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പാണ് വെള്ളക്കെട്ടുണ്ടായത്. നിരവധി യാത്രക്കാർ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 8,480 കോടി രൂപ ചെലവിലാണ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ നിർമിച്ചത്. യാത്രാസമയം മൂന്ന് മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയും. എന്നാൽ, ഒറ്റരാത്രിയിൽ പെയ്ത മഴയിൽ തന്നെ വെള്ളക്കെട്ടുണ്ടായത് ആശങ്കക്കിടയാക്കുന്നു. വെള്ളക്കെട്ടിനെ തുടർന്ന് പലയിടത്തും ഗതാഗതക്കുരുക്കിനും കാരണമായി. രാമനഗരയ്ക്കും ബിഡദിക്കും ഇടയിലാണ് പ്രധാനമായി വെള്ളക്കെട്ടുണ്ടായത്.
10 മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി; അവസാന ഓവര്‍ ത്രില്ലറില്‍ യുപി വാരിയേഴ്‌സിന് ജയം
വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിസ് ആദ്യ തോല്‍വി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകര്‍ത്തത്. ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റണ്‍സ് റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറര്‍. ഹര്‍മന്‍പ്രീത് കൗര്‍ 25 റൺസ് എടുത്തു. മറുപടി ബാറ്റിംഗില്‍ യുപി 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.