Latest Videos

'നഷ്ടമായത് പാര്‍ട്ടിയുടെ ജനകീയ മുഖത്തെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published Dec 22, 2021, 12:09 PM IST
Highlights

പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു പി ടി തോമസെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.  ജ്യേഷ്ഠ സഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു.

തിരുവനന്തപുരം: പി ടി തോമസിന്‍റെ (P T thomas) നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ സുധാകരന്‍ (K Sudhakaran) അനുസ്മരിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു പി ടി തോമസെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു പിടി തോമസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നഷ്ടപ്പെട്ടത് വിശ്വസ്ഥനായ സഹപ്രവര്‍ത്തകനെയാണെന്ന് കെ സുധാകരന്‍

അപ്രതീക്ഷിത വിയോഗമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അനുസ്മരിച്ചു. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ രംഗത്ത് ഒരു വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്ടപ്പെട്ടത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ബന്ധുക്കളുടെയും എല്ലാവരുടെയും കണ്ണീരിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവെന്ന് കെ സി വേണുഗോപാല്‍

മൂല്യങ്ങളില്‍ അടിയുറച്ച് നിന്ന നേതാവാണ് പി ടി തോമസെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുസ്മരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു പി ടി തോമസ്. ഉറച്ച നിലപാടുള്ള നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Read Also : PT Thomas Passed away : പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

നഷ്ടമായത് ജ്യേഷ്ഠ സഹോദരനെയെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് തീരാനഷ്ടത്തിന്റെ ദിനമാണിതെന്ന് വി ഡി സതീശന്‍. വ്യക്തിപരമായി ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത കോണ്‍ഗ്രസ് പോരാളിയായിരുന്നു പി ടി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പി ടിയുടേത്. പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുന്‍നിര്‍ത്തി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും താന്‍ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി ടി. അദ്ദേഹത്തിന്‍റെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി. വിയോഗ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : 'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

നിർഭയനായ നേതാവ് ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്ത് വേറിട്ട മുഖം ആയിരുന്നു പി ടി തോമസെന്ന് എം എം ഹസ്സൻ. ഞെട്ടലോടെയാണ് വാർത്ത കേട്ടത്. കഴിഞ്ഞ ദിവസം വെല്ലൂർ പോയി അദ്ദേഹത്തെ കണ്ടിരുന്നു. കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം എം ഹസ്സന്‍ പ്രതികരിച്ചു. നിർഭയനായ നേതാവ് ആയിരുന്നു പി ടി തോമസ്. കെ എസ് യു പ്രസിഡന്റ് ആയിരിക്കെ വിദ്യാർത്ഥികൾക്ക് ഇടയിൽ വീരപരിവേഷം ഉണ്ടായിരുന്ന നേതാവ്. അദ്ദേഹം ജീവിതത്തിൽ ഉടനീളം പുരോഗമന, മതേതര കാഴ്ചപ്പാട് പുലർത്തി. ഉറച്ച നിലപാടുകൾ കാരണം പല നഷ്ടങ്ങളും അദ്ദേഹത്തിന് ഉണ്ടായി. ലാഭ നഷ്ട കണക്കുകൾ നോക്കാതെ നിലപാടിൽ ഉറച്ചു നിന്നു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ധീര നിലപാട് എടുത്തിരുന്നുവെന്നും ഹസ്സന്‍ അനുസ്മരിച്ചു.

നഷ്ടമായത് നിയമസഭയിലെ ഒരു പോരാളിയെയാണെന്ന് എം കെ മുനീർ

 പി ടി തോമസിന്‍റെ വിയോഗത്തോടെ നിയമസഭയിലെ ഒരു പോരാളിയെയാണ് പ്രതിപക്ഷത്തിന് നഷ്ടമാവുന്നതെന്ന് എം കെ മുനീർ എംഎൽഎ. പലപ്പോഴും സഭയിൽ ഒറ്റയാൾ പോരാട്ടം നടത്തിയിരുന്ന പി ടി രേഖാമൂലമാണ് ഓരോ കാര്യങ്ങളും അവതരിപ്പിച്ചിരുന്നത്. സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന വ്യക്തിയെയാണ് നഷ്ടമായതെന്നും എം കെ മുനീർ കോഴിക്കോട് പറഞ്ഞു.

click me!