'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

Published : Dec 22, 2021, 11:32 AM ISTUpdated : Dec 22, 2021, 11:41 AM IST
'നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെ'; പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രിയും കോടിയേരിയും

Synopsis

മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ് പി ടി തോമസിന്റെ  വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ (P T thomas) നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി ഓര്‍മ്മിച്ചു. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലമെന്‍റേറിയനെയാണ് പി ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പി ടി തോമസിന്‍റെ അകാല വേർപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി. നിയമസഭ അംഗം എന്ന നിലയിലും പാർലമെന്‍റ് അംഗം എന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പാർലമെൻ്റേറിയൻ ആയിരുന്നു പി ടി തോമസ്. വിദ്യാർത്ഥി സംഘടനാ നേതാവായിരുന്ന കാലംമുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയെയാണ് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദീർഘകാലമായി അർബുദരോഗബാധിതനായിരുന്ന പി ടി തോമസ് ഇന്ന് രാവിലെ പത്തുമണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പി ടി തോമസ്. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായും സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തിയിരുന്നു. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. 

ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ക്രൈസ്തവ സഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു. 


 

PREV
Read more Articles on
click me!

Recommended Stories

വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്
5 ദിവസത്തേക്ക് മാത്രമായി ബിഎസ്എൻഎല്ലിന്‍റെ താത്കാലിക ടവർ, മൈക്രോവേവ് സംവിധാനത്തിൽ നെറ്റ്‍വർക്ക്; ഭക്തർക്ക് ആശ്വാസം