
തൃശൂർ: പാലക്കാട് സീറ്റിനെ ചൊല്ലി കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സി പി എം നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പി സരിനെ സ്ഥാനാര്‍ഥിയാക്കുന്ന സി പി എമ്മിനോട് ലജ്ജ തോന്നുന്നുവെന്നാണ് കെ പി സി സി പ്രസിഡന്‍റ് പറഞ്ഞത്. ഇന്നലെവരെ സി പി എമ്മിനെ കൊത്തിവലിച്ച നാവാണ് സരിന്‍റേത്. ആ നാവെടുത്ത് വായിൽ വയ്ക്കാൻ സി പി എമ്മിന് സാധിക്കുമെങ്കിൽ സി പി എമ്മിന് എന്ത് വൃത്തികേടും കാണിക്കാൻ സാധിക്കും എന്നാണ് അര്‍ഥമെന്നും കെ സുധാകരൻ ഗുരുവായൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന്‍റെ പേരിൽ പി സരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതായി കെ പി സി സി അധ്യക്ഷൻ അറിയിച്ചിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും തുറന്നടിച്ച് ഇന്നും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നടപടിയെടുത്തത്.
ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സി പി എം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. സി പി എം ഒരു തീരുമാനം അറിയിച്ചാൽ അതിനു ഒട്ടും താമസമില്ലാതെ മറുപടി പറയും. ബി ജെ പിയും അൻവറും ബന്ധപ്പെട്ടിരുന്നു. കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിൻ കൂട്ടിച്ചേര്‍ത്തു. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ല. കൂടുതൽ ആളുകൾ എനിക്കൊപ്പം ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
പി സരിനെ പിന്തുണക്കാൻ തന്നെയാണ് സി പി എം തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം. സരിൻ്റെ നീക്കങ്ങൾക്ക് പിന്തുണ നൽകാൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സരിനെ സ്ഥാനാർത്ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam