'ആശാ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാൻ നടത്തിയ ചർച്ച'; സർക്കാരിനെതിരെ കെ സുധാകരൻ

Published : Mar 19, 2025, 08:45 PM ISTUpdated : Mar 19, 2025, 09:34 PM IST
'ആശാ വര്‍ക്കര്‍മാരുടെ സമരം പൊളിക്കാൻ നടത്തിയ ചർച്ച'; സർക്കാരിനെതിരെ കെ സുധാകരൻ

Synopsis

കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്.

ദില്ലി : ആശമാരുടെ നിരാഹര സമരത്തിന് മുന്‍പായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢനീക്കം മാത്രമാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച. അതിനാലാണ് ആശമാരുടെ ആവശ്യങ്ങള്‍ക്ക് ചെവിക്കൊടുക്കാതെ മുന്‍വിധിയോടെ ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. മനുഷ്യത്വം മരവിച്ച കേരളം കണ്ട ഏറ്റവും ക്രൂരനായ മുഖ്യമന്ത്രിയുടെ മുഖം തുറന്നുകാട്ടുന്നതാണ് ആശാ വര്‍ക്കര്‍മാരോടുള്ള നിന്തരമായ ഈ അവഗണന. കഴിഞ്ഞ ഒരുമാസത്തിലേറെയായി ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ മഞ്ഞും മഴയും വെയിലുമേറ്റ് സമരത്തിലാണ്.അവരുടേത് അതിജീവന പോരാട്ടമാണ്. വേണ്ടപ്പെട്ടവരുടെ ശമ്പളവും ആനുകൂല്യവും ഒറ്റരാത്രി ഇരുട്ടിവെളുക്കും മുന്‍പ് കൂട്ടാന്‍ വ്യഗ്രതകാട്ടുന്ന സര്‍ക്കാരിന് ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെങ്കില്‍ പലകാര്യങ്ങളും പരിഗണിച്ച് ആലോചിച്ചെ കഴിയൂവെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. 

സമര മുഖത്തുള്ള ആശമാര്‍ കേരളത്തിലുള്ള 26125 ആശമാരുടെയും ശബ്ദമായാണ് പ്രതിഷേധിക്കുന്നത്. പഞ്ചാരവാക്കുകള്‍ കൊണ്ട് അവരുടെ സമരത്തെ അടക്കി നിര്‍ത്താന്‍ അവര്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ അടിമകളല്ലെന്ന് ഇനിയെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. ആര്‍ജ്ജവും ആത്മാഭിമാനവും പണയം വെയ്ക്കാത്ത പോരാട്ടവീര്യവുമുള്ളവരാണവര്‍. ജീവിക്കാനായുള്ള അന്തിമപോരാട്ടത്തിന് ഇറങ്ങിയ അവരുടെ ആ മനക്കരുത്ത് കണ്ടാണ് കേരള ജനതയും കോണ്‍ഗ്രസ് പ്രസ്ഥാനവും ആശമാരുടെ സമരത്തിന് പിന്തുണ നല്‍കിയത്. തുടര്‍ന്നും എല്ലാ സഹായങ്ങളും ആശമാര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ആശവര്‍ക്കര്‍മാരുടെ കണ്ണീരിലും ദുരിതത്തിലുമാണ് പിണറായി വിജയന്‍ നവകേരളം സൃഷ്ടിക്കുന്നത്. ആ നവകേരള സങ്കല്‍പ്പത്തില്‍ തൊഴിലാളികളോട് കടക്കുപ്പുറത്തെന്ന സമീപനമാണ്. വന്‍കിട കോര്‍പ്പറേറ്റുകളെയും കുത്തക മുതലാളിമാരുടെയും പരിലാളനയില്‍ പിണറായി വിജയന്‍ സൃഷ്ടിക്കുന്ന നവകേരളത്തില്‍ പാവപ്പെട്ട ആശാവര്‍ക്കര്‍മാര്‍,അങ്കണവാടി ജീവനക്കാര്‍, അവശജനവിഭാഗം തുടങ്ങിയവര്‍ക്കൊന്നും ഒരു സ്ഥാനവുമില്ലെന്ന് പ്രഖ്യാപിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും കെ.സുധാകരന്‍ പറഞ്ഞു. 

 

 

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു