
തിരുവനന്തപുരം: സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന ഇടി മുഹമ്മദ് ബഷീർ എംപിയുടെ പ്രസ്താവനയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മറുപടിയിൽ അമർഷം രേഖപ്പെടുത്തി ലീഗ്. പരാമർശം വിവാദമാകുന്ന പശ്ചാത്തലത്തിൽ ലീഗ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കെ സുധാകരൻ. നേതാക്കളെ കെ. സുധാകരൻ ഫോണിൽ വിളിക്കുകയും പരാമർശം ലീഗിനെക്കുറിച്ചല്ല എന്ന് വിശദീകരിക്കുകയും ചെയ്തു.
പരാമർശത്തിൽ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തെത്തിയിരുന്നു. സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നായിരുന്നു സലാമിന്റെ പ്രതികരണം. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. വരുന്ന ജന്മം പട്ടിയാകുന്നിന് ഇപ്പോഴേ കുരയ്ക്കാൻ പറ്റുമോ എന്നും ഇന്നലെ പ്രതികരണത്തിനിടെ സുധാകരന്‍ ഇന്നലെ പരാമര്‍ശം നടത്തിയിരുന്നു. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.
സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ല. പ്രതി പിടിയിലായത് നന്നായി, ഇല്ലെങ്കിൽ അവിടെ ഒരു ഇസ്ലാമോഫോബിയ സാഹചര്യം ഉണ്ടായേനെ. ജാതി സെൻസസില്‍ കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പമാണ് ലീഗെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
'ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തെക്കുറിച്ച് അറിയില്ല, യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെയുണ്ട്'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam