
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പോര് ഒഴിവാക്കാൻ ചർച്ചയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയുമായി കെപിസിസി ഓഫീസിൽ ചർച്ച നടത്തുകയാണ്. ഗ്രൂപ്പ് പോര് ഒഴിവാക്കാനാണ് കെപിസിസി പ്രസിഡന്റിന്റെ ശ്രമം. പാർട്ടിക്കകത്തുള്ളത് ചെറിയ ചെറിയ കാറ്റാണെന്നും പ്രശ്നം പരിഹരിക്കുമെന്നും നേരത്തേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. പരാതിക്കാരെ നേരിൽ കാണുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം രമേശ് ചെന്നിത്തലയുമായി സംസാരിക്കുന്നത്.
രമേശ് ചെന്നിത്തല, എംഎം ഹസ്സൻ, ബെന്നി ബെഹനാൻ, ജോസഫ് വാഴക്കൻ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളാണ് മസ്ക്കറ്റ് ഹോട്ടലിൽ യോഗം ചേർന്നത്. അടുത്തയാഴ്ച നേതാക്കൾ ഒരുമിച്ച് ദില്ലിയിലെത്തി കോൺഗ്രസ് അധ്യക്ഷന് പരാതി നൽകും. ഇനി വിട്ടുവീഴ്ചക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഭിന്നതകളെല്ലാം മറന്ന് എ-ഐ ഗ്രൂപ്പുകൾ പാർട്ടിയിൽ കൈകോർത്തത്. പഴയ ഗ്രൂപ്പ് പോരിൻറെ കാലമോർമ്മിപ്പിച്ചാണ് രണ്ടും കൽപ്പിച്ചുള്ള മുതിർന്ന നേതാക്കളുടെ യോഗം. കെസുധാകരനും വിഡി സതീശനുമെതിരെയായിരുന്നു ഇതുവരെയുള്ള പരാതിയെങ്കിൽ, പൊതുശത്രു സതീശൻ മാത്രമെന്നതാണ് ഇപ്പോഴത്തെ നില.
വയനാട്ടിലെ ലീഡേഴ്സ് മീറ്റിൽ മിഷൻ 2024 രാഷ്ട്രീയ രേഖ അവതരിപ്പിച്ച സതീശൻറെ യഥാർത്ഥ മിഷൻ പാർട്ടി പിടിക്കലെന്നാണ് ഗ്രൂപ്പുകളുടെ കുറ്റപ്പെടുത്തൽ. സുധാകരനെ മുൻ നിർത്തിയുള്ള സതീശൻറെ നീക്കത്തിന് പിന്നിൽ കെസി വേണുഗോപാലിൻറെ പിന്തുണയുണ്ടെന്നും പരാതിയുണ്ട്. 172 ബ്ലോക്ക് പ്രസിഡണ്ടുമാരെ ചർച്ചയിലൂടെ തീരുമാനിച്ചപ്പോൾ തർക്കം വന്ന ബാക്കി സ്ഥാനങ്ങളിൽ ഏകപക്ഷീയ തീരുമാനമെടുത്തെന്നാണ് ആക്ഷേപം. ഉപസമിതി നേതൃത്വത്തിന് വിട്ട പേരുകളിൽ സുധാകരൻ ചർച്ചക്ക് ഒരുക്കമായിട്ടും പിടിവാശി സതീശനായിരുന്നു എന്നതാണ് ഗ്രൂപ്പുകളുടെ വിമർശനം. സുധാകരൻറെ ആരോഗ്യ പ്രശ്നങ്ങൾ മുതലാക്കി ഇഷ്ടക്കാരെ വെക്കുന്നു, ഗ്രൂപ്പുകളെ ഒതുക്കി ഗ്രൂപ്പിൽ നിന്നും ആളുകളെ ചാടിച്ച് ഒപ്പം നിർത്തുന്നു എന്നിങ്ങനെ പോകുന്നു കുറ്റപ്പെടുത്തലുകൾ. എല്ലാം തീരുമാനിക്കുന്നത് പ്രസിഡന്റാണെന്ന് പുറത്ത് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് സതീശൻ.
പുനസംഘടനയിലെ തർക്കങ്ങളിൽ അന്തിമ തീരുമാനം നേതൃത്വം എടുക്കുന്ന പതിവാണ് ആവർത്തിച്ചതെന്ന് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നു. പുതിയഗ്രൂപ്പുണ്ടാക്കുന്നുവെന്ന ആക്ഷേപം തള്ളുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ നല്ല അന്തരീക്ഷം അനാവശ്യപരാതി ഉന്നയിച്ച് മുതിർന്ന് നേതാക്കൾ ഇല്ലാതാക്കുന്നുവെന്നാണ് വിമർശനം. സംസ്ഥാനത്ത് പാർട്ടിയുടെ തിരിച്ചുവരവിനായി ഹൈക്കമാൻഡ് മുൻകൈ എടുത്തുണ്ടാക്കിയ സമവായമാണ് പൊളിഞ്ഞു പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam