കെ സുധാകരൻ ആർഎസ്എസിന് സംരക്ഷണം കൊടുത്തത് കോൺഗ്രസിൽ വരുന്നതിന് മുൻപ്: മുല്ലപ്പള്ളി രാമചന്ദ്രൻ

Published : Nov 14, 2022, 12:21 PM IST
കെ സുധാകരൻ ആർഎസ്എസിന് സംരക്ഷണം കൊടുത്തത് കോൺഗ്രസിൽ വരുന്നതിന് മുൻപ്: മുല്ലപ്പള്ളി രാമചന്ദ്രൻ

Synopsis

കെപിസിസി അധ്യക്ഷന്റെ പ്രസ്താവനയിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന പ്രസ്താവനയിൽ ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെങ്കിൽ മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉചിതമായ വിശദീകരണം കെപിസിസി അധ്യക്ഷൻ തന്നെ നൽകിയിട്ടുണ്ട്. അദ്ദേഹം കോൺഗ്രസ്സ് പ്രവർത്തകൻ ആകുന്നതിന് മുമ്പ് നടന്ന കാര്യം ആണത്. കോൺഗ്രസ്സ് അംഗം ആയശേഷം പാർട്ടിയുടെ നിലപാടിന് ഒപ്പമാണ്. മുസ്ലിം ലീഗിന് അതൃപ്തിയുണ്ടോയെന്ന് തനിക്ക് അറിയില്ല. എംകെ മുനീറിന്റെ പ്രസ്താവന താൻ കണ്ടിട്ടില്ല. ഐക്യജനാധിപത്യ മുന്നണി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ കണ്ണൂർ തോട്ടടയിലെ ശാഖ സംരക്ഷിക്കാൻ ആളെ വിട്ടിരുന്നുവെന്നായിരുന്നു കെ സുധാകരന്റെ പ്രസ്താവന. സിപിഎം ശാഖ ആക്രമിക്കാൻ തീരുമാനിച്ചപ്പോഴാണ് സംരക്ഷണം നൽകിയതെന്നും അന്ന് താൻ സംഘടനാ കോൺഗ്രസിന്റെ ചുമതലക്കാരനായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞതിനെ ചൊല്ലിയാണ് ഇപ്പോഴത്തെ വിവാദം. മുസ്ലിം ലീഗ് നേതാക്കൾ നേരത്തെ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നുവെങ്കിലും കുറേക്കൂടി ശക്തമായ വിമർശനം ഇക്കാര്യത്തിൽ ഉന്നയിച്ചത് എംകെ മുനീറായിരുന്നു.

സുധാകരന്‍റെ ന്യായീകരണം ഉൾക്കൊള്ളാൻ മുസ്ലീംലീഗിന് ആയിട്ടില്ലെന്ന് പറഞ്ഞ എംകെ മുനീർ ഇക്കാര്യം കോൺഗ്രസ് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ആർഎസ്എസ് അനുകൂല ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് മുൻപ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ ഓർമ്മിപ്പിച്ചു. കെപിസിസി പ്രസിഡന്റായ കെ സുധാകരൻ്റെ പരാമർശം വളരെ നേരിട്ട് ആയിപ്പോയെന്ന് പറഞ്ഞ മുനീർ, ആർഎസ്എസിനെ ന്യായീകരിക്കുന്ന സൂചന പോലും സുധാകരൻ നൽകാൻ പാടില്ലായിരുന്നുവെന്നും പറഞ്ഞിരുന്നു.

ആർ എസ് എസ് മനസുള്ളവർ കോൺഗ്രസിൽ നിന്ന് പുറത്തു പോകണമെന്ന എം കെ മുനീറിന്റെ വിമർശനത്തോട് ഇന്ന് രാവിലെ ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ ഒഴിഞ്ഞുമാറുകയായിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നവോത്ഥാന സദസിൽ പങ്കെടുത്ത് സംസാരിച്ച ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം മുനീറിന്റെ വിമർശനത്തോടുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം