
ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ സംബന്ധിച്ച് ഏറ്റവും നിർണായകമായ നീക്കമായിരുന്നു മുതിർന്ന നേതാവ് കെ സുധാകരനെ അനുനയിപ്പിക്കുക എന്നുള്ളത്. എം പിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റിന്റെ തീരുമാനം വന്നതോടെ വെട്ടിലായത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച കെ സി വേണുഗോപാലും, അടൂർ പ്രകാശും, കെ സുധാകരനും ആയിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ഇടഞ്ഞ് നിന്നത് കോൺഗ്രസിന്റെ മുതിർന്ന് നേതാവ് കെ സുധാകരൻ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ന് ജി സുധാകരൻ മോഡൽ വാർത്താ സമ്മേളനമടക്കം കെ സുരേന്ദ്രൻ പ്ലാൻ ചെയ്തിരുന്നു. രാവിലെ തന്നെ നേതാക്കളെ ഫോണിൽ വിളിച്ച് താൻ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ടടക്കം സംസാരിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇടഞ്ഞ് തന്നെയാണ് നിൽക്കുന്നതെന്ന് കോൺഗ്രസ് നേതാക്കളും സമ്മതിച്ചിരുന്നു. ഉച്ചക്ക് വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ പാർട്ടി വിടുമെന്ന് പ്രഖ്യാപനമുണ്ടാകുമെന്നും ഊഹാപോഹങ്ങൾ പരന്നു. എങ്ങനെയായാലും മത്സരിക്കാൻ തന്നെയാണ് തീരുമാനമെന്ന കെ സുധാകരനെ ഒരു തരത്തിൽ പിടിച്ചു കെട്ടിയിരിക്കുകയാണ് കോൺഗ്രസ്.
എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത് കണ്ണൂരിൽ കെ സുധാകരൻ നിയമസഭാ സ്ഥാാർത്ഥിയായേക്കും എന്ന് തന്നെയാണ്. എകെ ആന്റണിയാണ് വിഷയത്തിൽ ചർച്ചക്കായി കെ സുധാകരനെ ഫോണിൽ വിളിച്ചത്. കണ്ണൂർ ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ജീവൻ പണപ്പെടുത്തിയ ആൾ ആണ് സുധാകരനെന്ന് എ കെ ആന്റണി പ്രതികരിച്ചു. മൂന്നാമത് ഭരണത്തിന് സാഹചര്യം ഉണ്ടാകരുതെന്ന് അഭ്യർത്ഥിച്ചു. പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്തു പ്രയാസം ഉണ്ടെങ്കിലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് അഭ്യർത്ഥിച്ചുവെന്ന് ആന്റണി വ്യക്തമാക്കി. എന്നാൽ സുധാകരൻ എന്തു മറുപടി പറഞ്ഞു എന്ന ചോദ്യത്തിന് ആന്റണി ഉത്തരം പറഞ്ഞിട്ടുമില്ല.
കെ സുധാകരൻ മത്സര രംഗത്തേക്ക് എത്തിയതോടെ, തന്റെ അതൃപ്തി തുറന്നുകാട്ടി അടൂർ പ്രകാശ് എം പിയും രംഗത്തെത്തി. കെ സുധാകരന് ഇളവ് കൊടുക്കാമെങ്കിൽ, തനിക്കും മത്സരിക്കണമെന്നും കോന്നിയിൽ എന്തുണ്ടായാലും ഉത്തരവാദിയാകില്ലെന്നും തന്റെ തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചെന്നും അടൂർ പ്രകാശും പ്രതികരിച്ചു. ഇതോടെ, കെ സുധാകരനെച്ചൊല്ലിയുള്ള പ്രശ്നം അവസാനിച്ചെങ്കിലും പുതിയ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. ഇനിയും കൂടുതൽ കോൺഗ്രസ് എം പിമാർ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുമോയെന്ന ആശങ്കയിലാണ് നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam