വൈദ്യുതി നിരക്കിൽ 6.6 ശതമാനം വ‍ര്‍ധന; 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

Published : Jun 25, 2022, 03:38 PM ISTUpdated : Jun 25, 2022, 03:43 PM IST
വൈദ്യുതി നിരക്കിൽ  6.6 ശതമാനം വ‍ര്‍ധന; 51-100 യൂണിറ്റ് ഉപഭോഗത്തിന് പ്രതിമാസം 70 രൂപ

Synopsis

അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വ‍ര്‍ധനവ് പ്രഖ്യാപിച്ചു.  ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വര്‍ധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്.  യൂണിറ്റിന്  ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം.  വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകൾക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്. ഫിക്സ്ഡ് ചാര്‍ജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വര്‍ധനവ് വരും. 

പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവ‍ര്‍ക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വര്‍ധനയുണ്ടാവും.   150 യൂണിറ്റ് വരെ 25 പൈസ വര്‍ധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്സഡ് ചാർജ് 150ൽ നിന്ന് 225 ആകും. 

ഗാർഹിക ഉപഭോക്താക്കൾക്ക് അനുകൂല താരിഫാണെന്ന അവകാശവാദത്തോടെയാണ് റെഗുലേറ്ററി കമ്മീഷൻ വൈദ്യുതിനിരക്ക് പ്രഖ്യാപിച്ചത്. അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു. പുതുക്കി നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎൽ വിഭാഗത്തിന് പഴയ നിരക്കിൽ വൈദ്യുതി ഉപയോഗിക്കാം. താരിഫിൽ മാറ്റമില്ല. ഗാര്‍ഹിക ഉപഭോക്താകൾക്ക് 50 യൂണിറ്റ് വരേയും താരിഫിൽ മാറ്റമില്ല. അനാഥാലയം, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ എന്നീ സ്ഥാപനങ്ങൾക്കും നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. കാര്‍ഷിക ഉപഭോക്താക്കൾക്ക് എനര്‍ജി ചാര്‍ജ്ജിൽ മാറ്റമില്ല. ചെറിയ പെട്ടികൾക്കൾക്ക് കണക്ട് ലോഡ് ആയിരം വാട്ട് എന്നത് രണ്ടായിരം വാട്ടാക്കി ഉയ‍ര്‍ത്തി. 
 
പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവർക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകൾ, തയ്യൽ പോലുള്ളവർക്ക്, ചെറുകിട സംരംഭങ്ങൾക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക്  പരമാവധി വർധന 25 പൈസ വരെയാവും. കൊച്ചി മെട്രോയ്ക്ക് എനർജി ചാർജ് 4.80ൽ നിന്നും 5.10 രൂപ ആക്കി ഉയര്‍ത്തി.ഗുരുതര രോഗികളുള്ള വീടുകൾക്ക് നൽകിവരുന്ന ഇളവുകൾ തുടരും. 2020-21 ൽ കെഎസ്ഇബിയുടെ പ്രവ‍ര്‍ത്തനലാഭം 10 കോടി രൂപയാണെന്ന് കമ്മീഷൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'