സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടി, ഹൈക്കോടതി വിധിയിൽ സുധാകരന്‍; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

Published : Nov 14, 2022, 03:41 PM IST
സര്‍ക്കാരിന് മുഖമടച്ച് കിട്ടിയ അടി, ഹൈക്കോടതി വിധിയിൽ സുധാകരന്‍; സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം

Synopsis

നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഒപ്പം നിന്ന ഗവര്‍ണ്ണര്‍ പിന്‍മാറിയപ്പോള്‍ അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും സുധാകരൻ പരിഹസിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വി സി നിയമനം അസാധുവാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അവരുടെ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചത്. സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാലാ വിസി നിയമനം ഹൈക്കോടതിയും ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ വിധികള്‍ ചട്ടവിരുദ്ധമായി നിയമിതരായ വി സിമാര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിന്റെ വാദഗതികള്‍ ശരിയല്ലെന്നതിന് തെളിവാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ഫിഷറീസ് വി സി നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ഒരു മന്ത്രി ഇടപെട്ടന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതം മുഖമുദ്രയാക്കിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മുഴുവന്‍ സര്‍വകലാശാലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോള്‍ ഗവര്‍ണ്ണറെ ചന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് യഥേഷ്ടം വിധേയരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നതിനാണ്. ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതും അതിന് വേണ്ടിയാണ്. നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഒപ്പം നിന്ന ഗവര്‍ണ്ണര്‍ പിന്‍മാറിയപ്പോള്‍ അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും കെ പി സി സി പ്രസിഡന്‍റ് പരിഹസിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലും പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിച്ച മേയറെ സംരക്ഷിക്കുകയാണ് ആഭ്യന്തരവകുപ്പ്. പൊലീസിനെ ഉപയോഗിച്ച് പ്രഹസനാന്വേഷണം നടത്തി ജനങ്ങളെ കബളിപ്പിച്ച് യുവാക്കളെ വഞ്ചിച്ച മേയറെ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊള്ളക്കാര്‍ക്കും അഴിമതിക്കാര്‍ക്കും ക്രിമിനിലുകള്‍ക്കും ഈ സര്‍ക്കാര്‍ കുടപിടിക്കുന്നു.കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം ഒരുക്കുകയാണ്. പോക്സോ കേസിലെ ഇരകളെ പോലും ഉപദ്രവിക്കുന്ന നരാധമന്‍മാരാണ് പൊലീസ് സേനയിലുള്ളത്. ബലാത്സംഗവീരന്‍മാരായ പൊലീസ് ഉദ്യോഗസ്ഥരെ ഉയര്‍ത്തിക്കാട്ടിയാണ് കേരളത്തിലേത് മികച്ച പൊലീസിംഗ്  ആണ് എന്ന്  മുഖ്യമന്ത്രി വീമ്പുപറയുന്നത്. ഇത്രയും നാണംകെട്ട ഭരണം കേരളംഇതുവരെ കണ്ടിട്ടില്ല. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിയാതെ അവരുടെ മേല്‍ കുതിരകയറുന്ന പൊലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി പാർലമെന്‍റിലെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കില്ല, കാരണം വ്യക്തമാക്കി കോൺഗ്രസ്

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍