
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ തോൽവിക്ക് കാരണം കെ സുധാകരനും റിജിൽ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ വിമർശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി നടത്തിയ പ്രവർത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫിന് വോട്ട് ചോർച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തിൽ അലംഭാവം കാട്ടി.
കണ്ണൂർ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജിൽ മാക്കുറ്റി സതീഷൻ പാച്ചേനിയെ തോൽപ്പിക്കാൻ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിമർശനം. ഇതേകുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് ഇത്തവണ കരകയറാൻ കഴിയില്ലെന്നായിരുന്നു സിപിഎം പോലും കരുതിയിരുന്നത്. സതീശൻ പാച്ചേനി ശുഭപ്രതീക്ഷയിലാണ് മത്സരരംഗത്തേക്ക് ഇറങ്ങിയത്. കണ്ണൂർ മണ്ഡലം കോൺഗ്രസ് ശക്തികേന്ദ്രമാണെങ്കിലും താഴേത്തട്ടിൽ പ്രവർത്തിക്കാനാളില്ലായിരുന്നു.
നേതാക്കളും ജനങ്ങളിൽ നിന്ന് അകന്ന് നിന്നതോടെ കടന്നപ്പള്ളി ഒരിക്കല്‍ കൂടി ജയിച്ച് കയറുകയായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കടന്നപ്പള്ളി രാമചന്ദ്രന് 60,313 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സതീഷന്‍ പാച്ചേനിക്ക് 58,568 വോട്ടുകളാണ് നേടിയത്. 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.