ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസ്; സുധാകരന്‍റെ ഹര്‍ജിയില്‍ ഉടൻ വാദംകേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

By Web TeamFirst Published Aug 12, 2022, 5:42 PM IST
Highlights

സുധാകരന്‍റെ ഹർജിയിൽ 2016 ൽ കേസിന്‍റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ ഈ മാസം 25 ന് വാദം കേൾക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അറിയിച്ചു. 

തിരുവനന്തപുരം: ഇ പി ജയരാജനെ ട്രെയിനിൽ ആക്രമിച്ചെന്ന കേസില്‍ കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സുധാകരന്‍റെ ഹർജിയിൽ 2016 ൽ കേസിന്‍റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഹർജിയിൽ ഈ മാസം 25 ന് വാദം കേൾക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അറിയിച്ചു. 

1995 ൽ ഇ പി ജയരാജനെ കെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുറ്റവിമുക്തനാക്കണമെന്ന കെ സുധാകരന്‍റെ ഹർജി നേരത്തെ തിരുവനന്തപുരം അഡീ. സെഷൻസ് കോടതി തള്ളിയിരുന്നു. 

വിമാനത്തിനുള്ളിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിനെത്താൻ നി‍ർദ്ദേശം

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധത്തിൽ കൂടുതൽ നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ  നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഫിഖിലിനും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് സുദീപ് ജയിംസിനുമാണ് പൊലീസ് നോട്ടീസ് നൽകിയത്. ശംഖുമുഖം എ സി പിയുടേതാണ് നിർദ്ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പൊലീസ് നടപടി. ദുൽഫിക്കിലിന് ഈ മാസം 13 നും സുദീപിന് ഈ മാസം 16നും  തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന്  ഹാജരാകാനാണ് നിർദേശം. പൊലീസിനോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Also Read: 'വിലക്കിയത് ഞാന്‍, എന്‍റെ വിലക്ക് നാളെ തീരില്ല'; ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്ന പ്രഖ്യാപനത്തിലുറച്ച് ഇ പി

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. വിമാനത്തിലെ പ്രതിഷേധത്തിൽ ഇൻഡിഗോ പ്രതിഷേധിച്ചവ‍ക്കെതിരെയും ഇപി ജയരാജനെതിരെയും നടപടി എടുത്തിരുന്നു. പ്രതിഷേധിച്ച രണ്ട് പേർക്ക് രണ്ടാഴ്ച്ചത്തേക്കും മുൻ മന്ത്രി ഇപി ജയരാജന് മൂന്നാഴ്ച്ചത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്. 

click me!