
ദില്ലി: കെ സുധാകരന്‍റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. ഇതിനിടെ, സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം സുധാകരന് കൂടുതല്‍ പ്രതിരോധമുയര്‍ത്തി. നേതൃമാറ്റത്ത കുറിച്ച് ഒന്നുമറിയില്ലെന്ന് ആന്‍റോ ആന്‍റണി കൈമലര്‍ത്തി.
നാല് വര്‍ഷത്തെ തന്‍റെ പ്രവര്‍ത്തനം അംഗീകരിച്ച് അധ്യക്ഷ പദവിയില്‍ തുടരാനുള്ള അനുമതി ദില്ലിക്ക് വിളിപ്പിച്ച് നേതൃത്വം നല്‍കുകയായിരുന്നുവെന്നാണ് കെ സുധാകരന്‍റെ അവകാശവാദം. മറ്റ് സംസ്ഥാനങ്ങളിലെ പുനസംഘടന ശ്രദ്ധയില്‍പെടുത്തിയ സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കേരളത്തില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞിട്ടില്ല. മാറില്ലെന്ന് സംശയത്തിനിടനല്‍കാതെ പറയുമ്പോള്‍ ഹൈക്കമാന്‍ഡ് നീക്കങ്ങള്‍ക്ക് സുധാകരന്‍ ചെക്ക് വെച്ചിരിക്കുകയാണ്. എന്നാല്‍, കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് സുധാകരന് നല്‍കിയ സന്ദേശമെന്നാണ് എഐസിസിയുടെ നിലപാട്.
സുധാകരനെ കൂടി വിശ്വാസത്തിലെടുക്കാനാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നേരിട്ട് ചര്‍ച്ച നടത്തിയത്. സുധാകരന്‍റെ പ്രതിഷേധത്തെ തുടര്‍ന്ന് നേതൃമാറ്റത്തില്‍ ആദ്യം നടന്ന ചര്‍ച്ചയില്‍ നിന്ന് എഐസിസി പിന്മാറിയിരുന്നു. എന്നാല്‍, അതിനുശേഷം ദേശീയ തലത്തില്‍ പുനസംഘടന പ്രഖ്യാപിച്ചത് വഴി കേരളത്തിലും മാറ്റം കൊണ്ടുവരാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
സുധാകരന്‍ ഏഷ്യാനെറ്റ് ന്യൂസിന് അഭിമുഖം നല്‍കിയത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രതികരണം നേതൃതലത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. അതേസമയം, സുധാകരനെ മാറ്റേണ്ട ഒരു സാഹചര്യവുമില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു വിഭാഗം നിലപാട് ആവര്‍ത്തിച്ചു. കെ മുരളീധരന്‍, ശശി തരൂര്‍ തുടങ്ങിയവര്‍ നിലപാട് പരസ്യമാക്കിയിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരില്‍ ചിലരും സുധാകരനെ പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം സുധാകരന്‍റെ പിന്‍ഗാമിയെന്ന നിലക്ക് നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ആന്‍റോ ആന്‍റണിയുടെ പ്രതികരണം. അധ്യക്ഷ പദവിയിലെ ക്രൈസ്തവ പ്രാതിനിധ്യത്തിനായി കത്തോലിക്ക സഭ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പകരക്കാരായി ഉയരുന്ന പേരുകളില്‍ കെ മുരളീധരന്‍റെ പരിഹാസം ഏറ്റെടുത്ത് സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചതും നേതൃത്വത്തിന്‍റെ നീരസത്തിനിടയാക്കിയിട്ടുണ്ട്. പ്രഖ്യാപനം വന്നാല്‍ സുധാകരന്‍റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല.