
തിരുവനന്തപുരം: വിമാനത്തില്‍ ആദ്യം അക്രമം നടത്തിയത് ഇ പി ജയരാജനെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഇ പി ജയരാജൻ നേരിട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു. ഞങ്ങളുടെ കുട്ടികളെ
ജയരാജൻ ആക്രമിച്ചെങ്കിൽ പ്രതികാരം ചെയ്യേണ്ടി വരും. പ്രവർത്തകർ പ്രതികരിച്ചാൽ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാൽ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥയാണ്. കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.
കണ്ണൂർ ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസിന്‍റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. കെപിസിസി ആസ്ഥാനത്തിന് നേരെയും കല്ലേറുണ്ടായി. ഇന്ദിരാ ഭവന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് ആക്രമണത്തിൽ തകർന്നു. സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam