
തൊടുപുഴ: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ (Gadgil and Kasturirangan) വിഷയത്തില്‍ കോണ്‍ഗ്രസിന് (Congress) തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്‍റെ നിലപാടായിരുന്നു ശരി. അന്നത്തെ കോൺഗ്രസ് നിലപാടിൽ ഖേദിക്കുന്നെന്നും കെ സുധാകരൻ ഇടുക്കിയിൽ പറഞ്ഞു. കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സുധാകരൻ പറഞ്ഞു. എന്തു വിലകൊടുത്തും കെ റെയില്‍ നടപ്പാക്കുന്നത് തടയും. കേരളത്തെ വലിയ കടക്കെണിയിൽ തള്ളിയിടുന്നതാണ് പിണറായിയുടെ കെ റയിൽ പദ്ധതിയെന്നും സുധാകരൻ പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ചും സുധാകരന്‍ സംസാരിച്ചു. കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തി.
പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മൻ ചാണ്ടിയുടെയുടെ പ്രവർത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന ആരോപണങ്ങൾ ചെറുതല്ല. ചെന്നിത്തല ഉയർത്തിയ ഈ ആരോപണങ്ങൾ പരിഹരിക്കപ്പെടാതെ ഇന്നും നിൽക്കുന്നു. ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജൻസി എടുത്ത കേസുകൾ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.
ഡിസിസി പുനഃസംഘടന രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു. ജമ്പോ കമ്മിറ്റി ഉണ്ടാവില്ല. പിന്നിൽ നിന്ന് കുത്തി എന്നത് വി ഡി സതീശന്‍റെ ആലങ്കാരിക പ്രയോഗമാണ്. സതീശനുമായി പ്രശ്നങ്ങളില്ല. കോൺഗ്രസിൽ പുതിയ ഗ്രൂപ്പുകൾ ഉണ്ടാവില്ല. ലഭിച്ച പരാതികൾക്കെല്ലാം പരിഹാരം കണ്ടെത്തിയെന്നും സുധാകരൻ പറഞ്ഞു.
ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ്ഐആര്‍. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ് എഫ് ഐ ക്കാർ മർദ്ദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിനു പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam