'പിണറായിക്ക് മുന്നില്‍ സിപിഐയുടെ അസ്ഥിത്വം പണയം വെച്ചു'; കാനത്തിന് അസാധാരണ വിധേയത്വമെന്ന് കെ സുധാകരന്‍

By Web TeamFirst Published Sep 12, 2021, 8:38 PM IST
Highlights

'സിപിഎമ്മിന്‍റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്'. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അസ്ഥിത്വം പണയം വച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമര്‍ശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയെ തിരുത്തുകയാണ് ചെയ്തത്.

സിപിഎമ്മിന്‍റെ വീഴ്ചകളെ വിമര്‍ശിക്കാനും തിരുത്തല്‍ ആവശ്യപ്പെടാനും സിപിഐക്ക് മുമ്പ് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം  ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വിമര്‍ശിച്ചപ്പോള്‍ ഭരണനേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരന്‍ പറഞ്ഞു. കാനം രാജേന്ദ്രന്റെ നിലപാടുകള്‍ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!