
കണ്ണൂര്‍: വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ തീരുമാനം ശരിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കെ സി വേണുഗോപാലിന്‍റെയും കെ പി സി സി യുടെയും നിലപാട് ഒന്നാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടാവുകയെന്നും സുധാകരന്‍ വിശദീകരിച്ചു. വിസിമാര്‍ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നായിരുന്നു കെ സി വേണുഗോപാൽ പറഞ്ഞത്. കേരളത്തില്‍ ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കെപിസിസി. 'പിണറായി ഭരണത്തിനെതിരെ പൗര വിചാരണ' എന്ന പേരിൽ തുടർ പ്രക്ഷോഭം നടത്തും. ഭരണപരാജയം മറികടക്കാൻ സർക്കാര്‍ നാടകം കളിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സ്വപ്‍ന പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. മുൻ മന്ത്രിമാരും മുൻ സ്പീക്കറും എന്തുകൊണ്ടാണ് മാനനഷ്ട കേസ് നൽകാത്തതെന്നും സുധാകരന്‍ ചോദിച്ചു.
വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞത്. അത് എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനാധിപത്യ - ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട്, രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്‍റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. അത് നിലനിൽക്കുമ്പോൾ തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ ചോദ്യം ചെയ്യേണ്ടതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിൽ ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമില്ല. അഭിപ്രായ വ്യത്യാസമുണ്ടെന്ന് മുഖ്യമന്ത്രി സ്വപ്നം കാണേണ്ട എന്നും ചെന്നിത്തല പറഞ്ഞു. വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടേത് രാഷ്ട്രീയ നിയമനമാണ് എന്നത് തന്നെയാണ് യുഡിഎഫ് നിലപാട് എന്നും ചെന്നിത്തല പറഞ്ഞു.