
കാസർകോട്: അരുണാചൽ പ്രദേശിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് ജന്മനാട് നൽകിയ യാത്രമൊഴി അത്രമേൽ ഹൃദയഭേദകമായിരുന്നു. ഇരുപത്തിനാല് വയസുമാത്രം പ്രായമുള്ള സൈനികന്‍റെ മരണ വാർത്ത തന്നെ സ്വദേശമായ കാസർകോട് ചെറുവത്തൂരിലെ ജനതയെ ഏറെ വേദനിപ്പിച്ചിരുന്നു. അതിലും വലിയ വികാര നിർഭരമായ രംഗങ്ങളായിരുന്നു യാത്രമൊഴിയിൽ കണ്ടത്. അശ്വിൻ ഓടി കളിച്ച ചെറുവത്തൂരിലേക്ക് ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ അവസാനമായി കാണാൻ ജനങ്ങൾ ഒഴുകിയെത്തി.
ചെറുവത്തൂരിലെ പൊതുജന വായനശാലയിലാണ് അശ്വിന്‍റെ ഭൗതിക ശരീരം ആദ്യമെത്തിച്ചത്. അവിടേക്ക് നൂറുകണക്കിനാളുകളാണ് എത്തിയത്. ചെറുവത്തൂർ കിഴക്കേമുറിയിൽ അശ്വിൻ സ്ഥിരമായി കബഡി കളിക്കാറുണ്ടായിരുന്ന മൈതാനത്തിന് സമീപമായിരുന്നു പൊതുദർശനം. നിറഞ്ഞ കണ്ണുകളോടെയാണ് ഏവരും പ്രിയ സൈനികന് അവസാന സല്യൂട്ട് നൽകിയത്. പൊതുദർശനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിലും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ച് ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദും അന്തിമോപചാരം അർപ്പിച്ചു.
മൃതദേഹം കിഴക്കേമുറിയിലെ വീട്ടിലേത്തിച്ചപ്പോൾ സങ്കടം അണപൊട്ടി ഒഴുകുകയായിരുന്നു. പൊട്ടികരയുന്ന അശ്വിന്‍റെ അമ്മയ്ക്കൊപ്പം നാടും വിങ്ങുകയായിരുന്നു. നിറകണ്ണുകളോടെയായിരുന്നു അവിടെ ഏവരും നിന്നത്. വീട്ടുവളപ്പിൽ അശ്വിന് അന്ത്യവിശ്രമത്തിന് സൗകര്യം ഒരുക്കിയിടത്തും ജനനിബിഡമായിരുന്നു. പൊലീസിന്‍റെയും സൈന്യത്തിന്‍റെയും ഔദ്യോഗിക ബഹുമതി സല്യൂട്ടും ഏറ്റുവാങ്ങിയതോടെ ചിതയും ഒരുങ്ങി. സഹോദരിമാരുടെ മക്കളായ ആതുലും ചിയാനും ചേർന്നാണ് ധീര ജവാന്‍റെ ചിതയ്ക്ക് തീകൊളുത്തിയത്.
അതേസമയം അശ്വിനടക്കമുള്ളവർ മരണപ്പെട്ട അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റർ അപകടത്തില്‍ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന അഞ്ച് പേരും മരിച്ചതായി വാർത്താകുറിപ്പിലൂടെ അറിയിച്ചതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ച കാര്യവും സൈന്യം വ്യക്തമാക്കിയത്. അപകടത്തിന് തൊട്ടുമുന്‍പ് എയർ ട്രാഫിക് കണ്ട്രോളിന് അപായ സന്ദേശം ലഭിച്ചിരുന്നു. ഹെലികോപ്റ്ററിന് സാങ്കേതിക തകരാറുണ്ട് എന്ന സന്ദേശമാണ് പൈലറ്റില്‍ നിന്നും കിട്ടിയതെന്നും ഇത് കേന്ദ്രീകരിച്ചാകും അന്വേഷണമെന്നും സൈനിക വക്താവ് പ്രതികരിച്ചു.