പട്ടി പരാമർശം: പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കി, സിപിഎമ്മിനെ രക്ഷിക്കാൻ ശ്രമമെന്ന് കെ സുധാകരൻ

Published : Nov 03, 2023, 03:36 PM IST
പട്ടി പരാമർശം: പ്രസ്താവന വളച്ചൊടിച്ച് വിവാദമാക്കി, സിപിഎമ്മിനെ രക്ഷിക്കാൻ ശ്രമമെന്ന് കെ സുധാകരൻ

Synopsis

മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താനെന്നും കെ സുധാകരൻ

തിരുവനന്തപുരം: ജനവിരുദ്ധ നയങ്ങൾ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇടിയുടെ പ്രസ്താവനക്കെതിരായ പട്ടി പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വച്ച്  മുസ്ലിം ലീഗിന്റെ എംപിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിരുന്നു. പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ  സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് 'അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്' തമാശ രൂപേണ പ്രതികരിച്ചത്. അതിനെ തന്റെ പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി.  സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം വിമർശിച്ചു.

അഞ്ച് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ളത്. കേരളത്തിലെ  മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താന്‍. വളച്ചൊടിച്ച് വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം