വിവാദ വ്ലോഗർ ജ്യോതി മൽഹോത്രയെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണം: സതീശനെ തള്ളി സുധാകരൻ

Published : Jul 09, 2025, 06:04 PM IST
k sudhakaran vd satheesan

Synopsis

വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം. 

കണ്ണൂർ: ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ നിലപാട് തള്ളി കെ സുധാകരൻ. സർക്കാറിനെ കുറ്റപ്പെടുത്താനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കടകവിരുദ്ധമായാണ് കെ സുധാകരൻ്റെ പ്രതികരണം. വിഷയം ലഘൂകരിക്കുന്ന ടൂറിസം മന്ത്രിയുടെ പ്രതികരണം ഉചിതമല്ലെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂരിലാണ് സുധാകരൻ്റെ പ്രതികരണം.

വിവാദ വ്ലോഗറെ പ്രമോഷന് വേണ്ടി തെരഞ്ഞെടുത്ത മാനദണ്ഡം ടൂറിസം മന്ത്രി വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു. അനാവശ്യ കാര്യങ്ങളിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ പരാമർശത്തിനെതിരെയാണ് സുധാകരൻ രം​ഗത്തെത്തിയത്. അതേസമയം, ചാരവൃത്തി കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കൊണ്ടുവന്ന പിആർ ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. എന്ത് നടപടിക്രമം പാലിച്ചാണ് ഇത്തരം എജൻസികളുമായി ധാരണയിൽ എത്തുന്നതെന്ന് സർക്കാർ വിശദീകരിക്കണം. ആ ഏജൻസിയെ സർക്കാർ പരിപാടികൾ ഏൽപിക്കുന്നത് അവസാനിപ്പിക്കുകയും കരിമ്പട്ടികയിൽപ്പെടുത്തുകയും വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

രാജ്യവിരുദ്ധ പ്രവൃത്തി ചെയ്യുന്നവരെ ക്ഷണിച്ചു കൊണ്ടുവന്ന് പ്രൊമോഷൻ നടത്തിപ്പിച്ചത് കേരള ടൂറിസമാണെന്ന് മുരളീധരൻ ആരോപിച്ചു. അവർ അതിന് ഉത്തരം പറയണം. ഒഴിഞ്ഞുമാറാനും ഒളിച്ചോടാനും വന്ദേഭാരത് യാത്രയെ ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വത്തിലുള്ള സർക്കാരെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ടൂറിസം മന്ത്രിക്ക് ക്ലീൻ ചിറ്റ് കൊടുത്ത പ്രതിപക്ഷ നേതാവിന്റെ നിലപാടിൽ അത്ഭുതം ഇല്ലെന്നും മുരളീധരൻ പറഞ്ഞു. രാജ്യദ്രോഹ വിഷയങ്ങളിൽ കോൺഗ്രസ് സമീപനം ജനം കാണുന്നതാണ്. ടൂറിസം വകുപ്പിനായി പ്രൊമോഷൻ ചെയ്യുന്ന ഏജൻസിയെ വിലക്കണമെന്ന ആവശ്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടോ എന്നും വി മുരളീധരൻ ചോദിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം: ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കൊല്ലം ജില്ലാ പൊലീസ് മേധാവി
രാജ്യത്തെ സമ്പന്നമായ 10 ജില്ലകൾ, മുംബൈയെയും അഹമ്മദിബാ​ദിനെയും പിന്തള്ളി അപ്രതീക്ഷിത ന​ഗരം, കേരളത്തിൽ നിന്ന് ആരുമില്ല