പ്രസിദ്ധമായ പഷ്മിന തുണിത്തരങ്ങളും മറ്റ് കശ്മീരി ഉത്പന്നങ്ങളുമായാണ് സേനബും കുടുംബവും മേളയിൽ എത്തിയിരിക്കുന്നത്. വ്യാപാരത്തിലും സജീവമാണ് ഈ കൊച്ചുമിടുക്കി.

തിരുവനന്തപുരം: കനകക്കുന്നിലെ എസ്‌കലേറ 2026ലെ ട്രേഡ് ഫെയറിലെത്തുന്ന സന്ദർശകരുടെയെല്ലാം ശ്രദ്ധയാകർഷിക്കുന്ന ഒരു കൊച്ചു മിടുക്കിയുണ്ട്. അഞ്ചാം ക്ലാസ്സുകാരി സേനബ് ദാവൂദ്. ശീതകാല അവധിക്കാലത്ത് അമ്മ ജമീല ബീഗത്തിനും അച്ഛൻ ഷെയ്ഖ് ദാവൂദിനുമൊപ്പം കേരളത്തിലേക്കെത്തിയതാണ് സേനബ്. പ്രസിദ്ധമായ പഷ്മിന തുണിത്തരങ്ങളുമായാണ് സേനബിന്റെ കുടുംബം തിരുവനന്തപുരത്ത് എസ്‌കലേറയിൽ എത്തിയിട്ടുള്ളത്. കശ്മീരിലെ ബരാമുള്ള സ്വദേശികളാണ് ഇവർ.

Add Asianetnews as a Preferred SourcegooglePreferred

അഞ്ചാം ക്ലാസ്സുകാരിയാണെങ്കിലും ലോക പ്രസിദ്ധമായ പഷ്മിന ഷോളുകളുടെ നിർമാണത്തെക്കുറിച്ചും വിവിധ തരം പഷ്മിന തുണിത്തരങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായി അറിയാം കുഞ്ഞ് സേനബിന്. 'Sweetness in Every Drop' എന്ന അവരുടെ ഓൺലൈൻ സ്റ്റോറിന്റെ പേരിലുള്ള സ്‌റ്റോളിൽ കശ്മീരി ഉത്പന്നങ്ങളുടെ വ്യാപാരത്തിലും സേനബ് സജീവമാണ്. എല്ലാ വർഷവും ശീതകാല അവധിക്ക് സേനബ് ഇതുപോലെ അച്ഛനമ്മമാരോടൊപ്പം വ്യാപരമേളകൾക്കിറങ്ങാറുണ്ട്. എന്നാൽ ഇതാദ്യമായാണ് സേനബും കുടുംബവും കേരളത്തിലെത്തുന്നത്.

പഷ്മിന അടക്കമുള്ള കശ്മീരിന്റെ തുണിത്തരങ്ങളും പരമ്പരാഗത ഉത്പ്പന്നങ്ങളും സ്റ്റോളിലുണ്ട്. കശ്മീരിന്റെ അമൂല്യമായ കൈത്തറി പാരമ്പര്യങ്ങളിലൊന്നായ പാഷ്മിന ലോക പ്രസിദ്ധമാണ്. ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ചാങ്താംഗി ആടുകളുടെ രോമം ഉപയോഗിച്ചാണ് പഷ്മിന നിർമിക്കുന്നത്. വളരെ ശ്രമകരവും സൂക്ഷവുമായ നെയ്ത്ത് പ്രക്രിയയിലൂടെ നാല് മുതൽ അഞ്ചു മാസം വരെ സമയമെടുത്താണ് പഷ്മിന ഷോളുകൾ നെയ്‌തെടുക്കുന്നത്. 2,000 രൂപ മുതൽ 15,000 രൂപവരെ വിലമതിക്കുന്ന പഷ്മിന തുണിത്തരങ്ങൾ ഇവരുടെ സ്റ്റോളിൽ ലഭ്യമാണ്.

പഷ്മിന സെമി-പഷ്മിന ഷാളുകളും, കുര്ത്തികൾ, കാഫ്താനുകൾ എന്നിവയ്‌ക്കൊപ്പം കുങ്കുമപ്പൂവ്, ബദാം, ആപ്രിക്കോട്ട് തുടങ്ങിയ കാശ്മീരിന് സവിശേഷമായ ഉണങ്ങിയ മസാലകളും ഡ്രൈ ഫ്രൂട്ട്‌സും സ്‌റ്റോളിലുണ്ട്. 15 വർഷത്തിലധികമായി പഷ്മിനയടക്കമുള്ള കാശ്മീരി പരമ്പരാഗത ഉൽപ്പന്നങ്ങളും നിർമ്മാണവും വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് സേനബിന്റെ കുടുംബം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിത സംരംഭകർ ഒരുക്കിയ 120-ലധികം സ്റ്റാളുകളാണ് എസ്‌കലേറയിലെ എയർകണ്ടീഷൻ ചെയ്ത ട്രേഡ് ഫെയറിലുള്ളത്.