
ദില്ലി: കോൺഗ്രസിനെ മുൾമുനയിൽ ആക്കി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിൽ പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കുമെന്ന് സുധാകരന്‍ നേതാക്കളെ അറിയിച്ചു. നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി എന്നാണ് സൂചന. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു. തർക്കം കടുത്തതോടെ തെരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി. അതേസമയം, കെ സുധാകരൻ്റെ സ്ഥാനാർത്ഥിത്വം ഹൈക്കമാൻഡിൻ്റെ ആലോചനയിലുണ്ടെന്നാണ് സൂചന. തർക്ക സീറ്റുകൾ ഇന്നും ഒഴിച്ചിട്ടാണ് പ്രഖ്യാപനത്തിന് നീക്കം.
കെ സുധാകരൻ സമ്മർദ്ദം ശക്തമാക്കുന്നതിനിടെ ഒരു കൂട്ടം അണികൾ കണ്ണൂരിൽ പരസ്യമായി തെരുവിലിറങ്ങി. കെ സുധാകരന് പിന്തുണയുമായി പന്തം കൊളുത്തി പ്രകടനമാണ് ഇന്നലെ രാത്രിയിൽ നടത്തിയത്. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവേ, അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ്' എന്നെല്ലാം മുദ്രാവാക്യം വിളിച്ചാണ് പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രകടനം നടത്തിയത്. കെ സുധാകരന് സീറ്റ് നിഷേധിക്കരുത് എന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പേരാവൂർ മണ്ഡലത്തിലും നിറയെ സുധാകരൻ അനുകൂല ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ എട്ടോളം ഫ്ലക്സ് ബോർഡുകളാണ് സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam