
തിരുവനന്തപുരം: ഫാ. യൂജിൻ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ലത്തീൻ ബിഷപ്പ് ഹൗസിലെത്തി. യൂജിൻ പരേരയ്ക്കെതിരെ കേസെടുത്തത് മ്ലേഛമെന്നും മുതലപ്പൊഴിയിൽ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും കെ. സുധാകരൻ പ്രതികരിച്ചു.
ബിഷപ്പ് സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടത്താനായില്ല.
മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ ഇന്നലെ രാത്രിയാണ് കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയിൽ തടഞ്ഞതിന് പിന്നാലെ ഇന്നലെ രാത്രിയാണ് വൈദികൻ യൂജിൻ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്.
മുതലപ്പൊഴി അപകടത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൻറെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ കേസ് എടുത്തതിൽ തർക്കം രൂക്ഷമാണ്. സർക്കാറിന്റെ തിരക്കഥ അനുസരിച്ചാണ് കേസെന്ന് വികാരി ജനറൽ യൂജിൻ പെരേര കുറ്റപ്പെടുത്തി. ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പ്രതിഷേധക്കാരോട് പറഞ്ഞതാണ് പ്രശ്നം വഷളാക്കിയതെന്ന നിലപാടിലാണ് ലത്തീൻ രൂപത നേതൃത്വം.
ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമിക്കേണ്ടെന്നായിരുന്നു വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്‌റെ പ്രതികരണം. ജനങ്ങളുടെ ശബ്ദമാകാനാണ് യുജിൻ പെരേര ശ്രമിച്ചതെന്നും മന്ത്രിമാരുടെ പെരുമാറ്റം പക്വത ഇല്ലാത്തതെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോൾ മന്ത്രിമാരെ തടഞ്ഞത് കോൺഗ്രസാണെന്നായിരുന്നു ആൻറണി രാജുവിന്റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam