
ദില്ലി: പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തെത്തുടർന്ന് ലോക് സഭയിൽ സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ എം പി. ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്പെൻഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. ഏകാധിപത്യത്തിന്‍റെ ഇരകളായി സസ്പെൻഡ് ചെയ്യപ്പെട്ടതിൽ അഭിമാനമുണ്ടെന്നും പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങളോട് വിശദീകരിക്കുമെന്നും കെ പി സി സി അധ്യക്ഷൻ വിവരിച്ചു.
കെ സുധാകരനൊപ്പം ശശി തരൂര്‍, അടൂർ പ്രകാശ് തുടങ്ങിയ കേരളത്തിൽ നിന്നുള്ള എം പിമാരെയും മനീഷ് തിവാരി, സുപ്രിയ സുലെ, ഡാനിഷ് തിവാരി എന്നിവരടക്കമുള്ള 49 പേരെയാണ് ഇന്ന് ലോക് സഭയിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഇതോടെ പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 141 ആയിട്ടുണ്ട്.
അതേസമയം സെനറ്റ് നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണറെ അനുകൂലിച്ചുള്ള പ്രതികരണവും ഇന്ന് കെ പി സി സി അധ്യക്ഷന്‍റെ ഭാഗത്ത് നിന്നുണ്ടായി. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്‍റെ ഭാഗമാണെന്നാണ് സുധാകരൻ അഭിപ്രായപ്പെട്ടത്. സെനറ്റ് ലിസ്റ്റിൽ കോൺഗ്രസ് - ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും ലിസ്റ്റിലുള്ളവരുടെ യോഗ്യതകൾ പരിശോധിക്കുകയാണെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കുന്നതിനായി കെ പി സി സി ഒരു കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും വിവരിച്ച സുധാകരൻ, ഒരാഴ്ചക്കകം കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുമെന്നും വിശദീകരിച്ചു. കമ്മറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷമാകും തുടർ നടപടിയെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. ലോക് സഭയിൽ സസ്പെൻഷൻ ലഭിച്ച ശേഷം ദില്ലിയിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുധാകരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam