
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ കെ പി സി സി മുൻ അധ്യക്ഷൻ കെ സുധാകരനും പങ്കെടുക്കുന്നു. കണ്ണൂർ ഇരിട്ടിയിലെ പൊതുസമ്മേളനത്തിലാകും സുധാകരൻ എത്തുക. ഇരിട്ടിയിലെ പുതുയുഗ യാത്രയുടെ പൊതുസമ്മേളനം സുധാകരനാകും ഉദ്ഘാടനം ചെയ്യുകയെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഏഴാം തിയതി സതീശന്‍റെ യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും ഒരു വേദിയിൽ പോലും ഇതുവരെ എത്തിയിരുന്നില്ല. സ്വന്തം തട്ടകമായ കണ്ണൂരിൽ യാത്ര 2 ദിവസം പിന്നിടുമ്പോഴും ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിൽ പോലും സുധാകരൻ എത്താതിരുന്നതോടെ, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന സൂചനകൾ ശക്തമായി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നായിരുന്നു വിശദീകരണം. എന്നാൽ അസാന്നിധ്യം വലിയ തോതിൽ ചർച്ചയായതോടെയാണ് കെ പി സി സി മുൻ അധ്യക്ഷൻ യാത്രയുടെ ഭാഗമാകുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് കണ്ണൂർ ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലാണ് പര്യടനം നടത്തുക. രാവിലെ വിവിധ മേഖലകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടവരില്‍ നിന്നും അഭിപ്രായ രൂപീകരണത്തിന് ശേഷം തലശ്ശേരിയിലാകും പര്യടനം തുടങ്ങുക.
അതേസമയം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽ ഡി എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ ഇന്ന് മലപ്പുറം ജില്ലയിലാകും പര്യടനം നടത്തുക. വൈകീട്ട് മുന്നിന് വള്ളിക്കുന്ന് മണ്ഡലത്തിലെ തലപ്പാറയിലാണ് സി പി എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന യാത്രയ്ക്കുള്ള ആദ്യ സ്വീകരണം. വേങ്ങരയിലെ സ്വബാഹ് സ്ക്വയറിലെ സ്വീകരണത്തിന് ശേഷം മലപ്പുറം കോട്ടപ്പടിയിൽ വൈകീട്ട് ജാഥ സമാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam