'ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടി'; ലീഗുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കെ സുരേന്ദ്രന്‍

By Web TeamFirst Published Feb 27, 2021, 10:23 AM IST
Highlights

പ്രകടനപത്രികയിലെ വാഗ്ഭനം പാലിച്ചെന്ന സര്‍ക്കാരിന്‍റെ അവകാശവാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍. 

പാലക്കാട്: ലൗ ജിഹാദിനെതിരായ നിയമനിർമ്മാണം ഏറ്റവും അനിവാര്യം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകൊണ്ടാണ് പ്രകടനപത്രികയിൽ ലൗ ജിഹാദ് പ്രധാന അജണ്ടയാക്കി ഉൾപ്പെടുത്തുന്നതെന്നും ക്രൈസ്തവ സഭകളും നിയമനിര്‍മ്മാണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗ്. മുസ്ലീം ലീഗുമായി ഒരൊത്തുതീർപ്പിനുമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. വിജയ യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രകടനപത്രികയിലെ വാഗ്ദാനം പാലിച്ചെന്ന സര്‍ക്കാരിന്‍റെ അവകാശവാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സംസ്ഥാനത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുമെന്ന വാഗ്‌ദാനം നിറവേറ്റിയില്ല. എടുത്തു പറയത്തക്ക ഒരു സംരംഭകനോ നിക്ഷേപമോ കേരളത്തിൽ വന്നില്ല. നയാ പൈസയുടെ നിക്ഷേപം കൊണ്ടു വന്നില്ല. ഒരു വ്യവസായിയും കേരളത്തെ പരിഗണിക്കുന്നില്ല. ഐടി, സ്മാർട്ട് സിറ്റി ഒരിഞ്ച് മുന്നോട്ട് പോയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വ്യാവസായിക മേഖലയിലെ വളർച്ചയുടെ ധവളപത്രമിറക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കാർഷിക മേഖലയിൽ വൻ തകർച്ചയാണ് ഉള്ളത്. ദില്ലിയിലേക്ക് ട്രാക്ടർ ഓടിക്കാൻ ആളെ വിടുന്ന പിണറായി കേരളത്തിൽ സംഭരണവിലയും താങ്ങുവിലയും നൽകുന്നില്ലെന്നും സര്‍ക്കാര്‍ നെൽകർഷകരെ ദുരിതത്തിലാക്കിയെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴ ഈ സർക്കാർ ഉണ്ടാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാർ അമ്മയ്ക്ക് തല മുണ്ഡനം ചെയ്യേണ്ടി വരുന്നത് സർക്കാരിൻ്റെ സ്ത്രീ സുരക്ഷ എന്ന വാഗ്ദാനം നടപ്പായില്ല എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസിന് അർഹമായ പ്രാതിനിധ്യം നൽകും. മുൻപ് ഘടകകക്ഷികളായിരുന്നവരെ തിരികെ എത്തിക്കാൻ ചർച്ച നടത്തുമെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.

click me!