സ്മിത മേനോനായി ശുപാർശ ചെയ്തത് മുരളീധരനല്ല, മഹിളാമോർച്ച സെക്രട്ടറിയായി ശുപാർശ ചെയ്തത് താനെന്ന് കെ സുരേന്ദ്രൻ

Published : Oct 08, 2020, 03:58 PM ISTUpdated : Oct 08, 2020, 04:03 PM IST
സ്മിത മേനോനായി ശുപാർശ ചെയ്തത് മുരളീധരനല്ല, മഹിളാമോർച്ച സെക്രട്ടറിയായി ശുപാർശ ചെയ്തത് താനെന്ന് കെ സുരേന്ദ്രൻ

Synopsis

മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാമെന്നും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്മിതയുടെ നിയമനത്തിന് വി.മുരളീധരനുമായി ബന്ധമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. യുഎഇയിൽ നടന്ന മന്ത്രിതല യോഗത്തിൽ പ്രോട്ടോക്കോൾ മറികടന്ന വി.മുരളീധരൻ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെയാണ് അവരുടെ മഹിളാമോർച്ചയുടെ സ്ഥാനലബ്ധിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തത വരുത്തിയത്. വി.മുരളീധരനെതിരായ വിവാദത്തിൽ സിപിഎം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാമെന്നും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നുവെന്ന് ബിജെപി നേരത്തെ തന്നെ ആരോപിച്ചിരുന്നുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ ആരോപണം ശരിവെക്കുന്നതാണ് ഇ ഡി റിപ്പോർട്ട്‌.  ഇഡി കുറ്റപത്രം സമർപ്പിച്ച്  24 മണിക്കൂർ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നതാണ്. കുറ്റം അംഗീകരിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്ന് പറയണം. മുഖ്യമന്ത്രിയാണ് അഴിമതിയുടെ സൂത്രധാരൻ. ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം. 

തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതിയെ സംസ്ഥാന സർക്കാർ സ്വന്തം പദ്ധതിയാക്കി മാറ്റിയെന്ന് സുരേന്ദ്രൻ ആരോപിച്ചു. തദ്ദേശതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. അർഹരായവരെ ഒഴിവാക്കുകയും അനർഹരെ തിരുകി കയറ്റുകയും ചെയ്തിരിക്കുന്നു. അത്തരം സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പി അനുവദിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്‍ഡ്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍റെ മന്ത്രി തല യോഗത്തില്‍ സ്മിതാ മേനോന്‍ എന്ന സ്ത്രീയെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുപ്പിച്ചത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്നാരോപിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡണ്ട് സലിം മടവൂര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ പിഎംഒ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍റെ അനുവാദത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്ന് സ്മിതാ മേനോന്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്‍ ഒരാള്‍ക്ക് പങ്കെടുക്കാന്‍ തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നായിരുന്നു പിന്നീട് വി മുരളീധരന്‍ കോഴിക്കോട് വിശദീകരിച്ചത്. 

സ്മിതാ മേനോന്‍ സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. പിആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സ്മിതാ മേനോന്‍ മഹിളാ മോര്‍ച്ചയുടെ പുതിയ ഭാരവാഹിപ്പട്ടികയില്‍ സംസ്ഥാന സെക്രട്ടറിയാണ്. എന്നാല്‍ മഹിളാ മോര്‍ച്ച ഭാരവാഹിയാകും മുമ്പ് തനിക്ക് സ്മിതയെ അറിയില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചിരുന്നു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി